Banner Ads

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ? കണ്ണൂർ വാണിയപ്പാറ പള്ളിയിലെ കല്ലറ തുറന്നപ്പോൾ ദുരൂഹത; പോലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂർ: വാണിയപ്പാറ ഇൻഫന്റ് ജീസസ് ചർച്ചിലെ കല്ലറയിൽ ഒന്നിന് പകരം രണ്ട് മൃതദേഹങ്ങൾ അടക്കം ചെയ്തതായി സംശയം. പള്ളിയിലെ ഒരു കല്ലറ തുറന്നപ്പോൾ സാധാരണ മൃതദേഹത്തിന് പുറമെ പായയിൽ പൊതിഞ്ഞ മറ്റൊരു വസ്തു കൂടി കണ്ടെത്തിയതാണ് വലിയ രീതിയിൽ ദുരൂഹതയുണർത്തിയത്. ഇത് രണ്ടാമതൊരു മൃതദേഹമാണെന്ന സംശയത്തെ തുടർന്ന് കരിക്കോട്ടക്കരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പള്ളിയിലെ കല്ലറയ്ക്കുള്ളിൽ അസ്വാഭാവികമായി എന്തോ കണ്ട വിവരം ജിൽസ് ഉണ്ണിമാക്കൽ എന്ന നാട്ടുകാരൻ ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ക്രൈസ്തവ ആചാരപ്രകാരം ഒരേ സമയം ഒരു കല്ലറയ്ക്കുള്ളിൽ രണ്ട് മൃതദേഹങ്ങൾ അടക്കം ചെയ്യാറില്ലെന്നും, ഈ സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടും ചിലർ പുറത്തുപറയാൻ മടിച്ചപ്പോഴാണ് താൻ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചതെന്നും ജിൽസ് വ്യക്തമാക്കി.

തങ്ങളാണ് വിവരം പോലീസിനെ അറിയിച്ചതെന്ന് വികാരി ഫാ. ജിൽബർട്ട് കൊന്നയിൽ പ്രതികരിച്ചു. ക്രൈസ്തവ വിശ്വാസപ്രകാരം ഇങ്ങനെ രണ്ട് മൃതദേഹങ്ങൾ ഒരുമിച്ച് അടക്കം ചെയ്യാത്തതിനാൽ കണ്ടെത്തിയ വസ്തുവിൽ ദുരൂഹത തോന്നിയിരുന്നു. അത് മുമ്പ് പോസ്റ്റ്മോർട്ടം കഴിഞ്ഞ മറ്റേതെങ്കിലും മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണോ എന്ന് സംശയമുണ്ടെന്നും, സത്യം പുറത്തുകൊണ്ടുവരാൻ പോലീസ് അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും വികാരി അറിയിച്ചു.