കൊല്‍ക്കത്ത: ഹൗറയിലെ നാഗ്പൂർ സ്റ്റേഷന് സമീപമാണ് ട്രെയിൻ അപകടമുണ്ടായത്. പശ്ചിമ ബംഗാളില്‍ ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്. ട്രെയിന്റെ മൂന്ന് കോച്ചുകള്‍ പാളം തെറ്റിയതായി അധികൃതർ അറിയിച്ചു.അപകടത്തില്‍ പെട്ടത് രണ്ട് പാസഞ്ചർ കോച്ചുകളും ഒരു പാഴ്‌സല്‍ വാനുമാണ്.യാത്രക്കാരെ കോച്ചുകളില്‍ നിന്ന് സുരക്ഷിതരായി പുറത്തിറക്കി.
ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റെയില്‍വേ അധികൃതർ വ്യക്തമാക്കിയിട്ടുമുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവസ്ഥലത്തേക്ക് ദുരിതാശ്വാസത്തിനായി സന്ത്രാഗച്ചി, ഖരഗ്പൂർ എന്നിവിടങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ റിലീഫ് ട്രെയിനുകളും ഉടൻ അയച്ചതായി റെയില്‍വേ അറിയിച്ചിരുന്നു. യാത്രക്കാരെ കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോകാൻ ബസുകളും അയച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 200 റെയില്‍വേ അപകടങ്ങളിലായി 351 പേരുടെ ജീവൻ പൊലിയുകയും 970 പേർക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.ഡൗണ്‍ ലൈനില്‍ നിന്നും ടോപ്പ് ലൈനിലേക്ക് കയറുന്നതിനിടെ പാളം തെറ്റിയതാണെന്നാണ് പ്രാഥമിക നിഗമനം