
കുറവിലങ്ങാട് : വൈദ്യുത ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെ കെഎസ്ഇബി ലൈൻമാൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. കുറവിലങ്ങാട് കെഎസ്ഇബി സെക്ഷനിലെ ജീവനക്കാരനും കൂത്താട്ടുകുളം വടകര ഒലിയപ്പുറം ആലുങ്കൽ വീട്ടിൽ വിനോദ് ജോർജ് (50) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ തോട്ടുവാ കാളിയാർതോട്ടം ഭാഗത്തുള്ള ട്രാൻസ്ഫോമറിന് സമീപത്തെ വൈദ്യുതത്തൂണിൽ സർവീസ് ലൈൻ അറ്റകുറ്റപ്പണി നടത്തുമ്പോഴായിരുന്നു അപകടം. സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അറ്റകുറ്റപ്പണി പുരോഗമിക്കുന്നതിനിടെ വൈദ്യുതപ്രവാഹം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ കെഎസ്ഇബി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി കുറവിലങ്ങാട് സെക്ഷനിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു വിനോദ്. ഇന്നലെ രാവിലെയാണ് സഹപ്രവർത്തകനൊപ്പം തകരാർ പരിഹരിക്കാൻ എത്തിയത്. ഭാര്യ: ഷീബ. മകൾ: ആൽബിത.