
തൃശൂർ : കൊടകര ദേശീയപാതയിൽ സ്കൂൾ വിദ്യാർഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെ കൊടകര കൊളത്തൂരിലായിരുന്നു സംഭവം. പട്ടാമ്പി ഭാഗത്തെ സ്കൂളിൽ നിന്നുള്ള വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്.
എറണാകുളത്ത് നിന്നുള്ള പഠനയാത്രയ്ക്ക് ശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്. ഡ്രൈവർക്ക് പെട്ടെന്ന് ഫിറ്റ്സ് വന്നതിനെ തുടർന്ന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷം ഡിവൈഡറിലേക്ക് കയറുകയുമായിരുന്നു.
ഇടിയിൽ തകർന്ന ഇലക്ട്രിക് പോസ്റ്റ് സമീപത്തുണ്ടായിരുന്ന ഒരു കാറിന് മുകളിലേക്ക് മറിഞ്ഞുവീണു. അപകടത്തിൽ ആർക്കും പരിക്കില്ല. തുടർന്ന് അപകടത്തിൽപ്പെട്ട വിദ്യാർഥികളെ മറ്റൊരു ബസ് സജ്ജമാക്കി യാത്രയാക്കി. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.