Banner Ads

ഒന്നിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ; രാഷ്ട്രീയ പ്രഖ്യാപനങ്ങളുമായി വി.ഡി. സതീശനും രമേശ് ചെന്നിത്തലയും.

തിരുവനനന്തപുരം:രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടുകൊണ്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഒന്നിച്ച് മാധ്യമങ്ങളെ കണ്ടു. ചെന്നിത്തലയുടെ വസതിയിലെത്തി വി.ഡി. സതീശൻ നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുനേതാക്കളും സംയുക്തമായി വാർത്താസമ്മേളനം നടത്തിയത്.രമേശ് ചെന്നിത്തല എക്കാലത്തും തൻ്റെ നേതാവാണെന്ന് വി.ഡി. സതീശൻ മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കി.

കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹം ചെന്നിത്തലയെ പുതിയ മന്ത്രിസഭയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരുവിധ മുൻധാരണകളോ ഉപാധികളോ ഇല്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങൾ പൂർണ്ണമായും പാർട്ടി ഹൈക്കമാൻഡും നേതൃത്വവുമാണ് തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോൺഗ്രസിനുള്ളിൽ നിലനിന്നിരുന്ന പടലപ്പിണക്കങ്ങൾക്കും അഭ്യൂഹങ്ങൾക്കും ഈ കൂടിക്കാഴ്ചയോടെ അന്ത്യമായിരിക്കുകയാണ്.

വി.ഡി. സതീശനെ പാർലമെന്ററി പാർട്ടി നേതാവായി അംഗീകരിച്ച് ചെന്നിത്തല നേരത്തെ കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെ സതീശൻ നേരിട്ടെത്തി ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് ക്ഷണിച്ചതോടെ യു.ഡി.എഫ് ക്യാമ്പിൽ പൂർണ്ണമായ ഐക്യം ഉറപ്പായിക്കഴിഞ്ഞു.ചെന്നിത്തല നിലപാടിൽ അയവ് വരുത്തിയതോടെ പുതിയ മന്ത്രിസഭയിൽ അദ്ദേഹം സുപ്രധാനമായ വകുപ്പ് കൈകാര്യം ചെയ്യുമെന്നാണ് സൂചന.