
തിരുവനന്തപുരം: നവംബർ മാസത്തോടെ സംസ്ഥാനത്ത് വീണ്ടും ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ടി വരുമോ എന്ന ആശങ്ക ശക്തമാകുന്നു. പീക്ക് അവറുകളിലെ കടുത്ത വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള കെ.എസ്.ഇ.ബി (KSEB) നീക്കം ഇതുവരെ ലക്ഷ്യത്തിലെത്തിയിട്ടില്ല.വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും തമ്മിൽ ചർച്ചകൾ നടത്തിയെങ്കിലും അന്തിമ തീരുമാനമായില്ല.
സർക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിച്ച ശേഷമേ ഇതുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷനെ സമീപിക്കൂ എന്ന നിലപാടിലാണ് കെ.എസ്.ഇ.ബി. ഹിമാചൽ പ്രദേശ് ഒരു യൂണിറ്റ് വൈദ്യുതിക്ക് 14.50 രൂപയാണ് ആവശ്യപ്പെടുന്നത്. എന്നാൽ വില 12.50 രൂപയായി കുറയ്ക്കാനാകുമെന്നാണ് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്.വരുംമാസത്തിൽ പീക്ക് അവറുകളിൽ സംസ്ഥാനത്ത് 738 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്.
കെ.എസ്.ഇ.ബി ടെൻഡറുകൾ ക്ഷണിച്ചുവെങ്കിലും പീക്ക് അവറുകളിൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാൻ കരാറുകാരെ ആരെയും ലഭിച്ചില്ല.വരുന്ന മേയ് മാസം വരെ 864 മെഗാവാട്ട് മുതൽ 1280 മെഗാവാട്ട് വരെ വൈദ്യുതി നൽകാൻ തയ്യാറാണെന്നാണ് ഹിമാചൽ പ്രദേശ് വ്യക്തമാക്കിയിട്ടുള്ളത്.സർക്കാർ തലത്തിൽ അനുകൂല തീരുമാനമുണ്ടാകുകയും റെഗുലേറ്ററി കമ്മീഷന്റെ അനുമതി വേഗത്തിൽ ലഭിക്കുകയും ചെയ്തില്ലെങ്കിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കും.