
തിരുവനന്തപുരം : കേരളത്തിൽ അതിവേഗ റെയിൽപ്പാത പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യവുമായി പ്രചാരണം വീണ്ടും ശക്തമാക്കി മെട്രോമാൻ ഇ ശ്രീധരൻ. സർക്കാരിന്റെ മുൻഗണന വിഷൻ സമുദ്രയ്ക്കാണെങ്കിലും അതിനേക്കാൾ മുൻപേ നടപ്പിലാക്കേണ്ടത് അതിവേഗ റെയിൽപ്പാതയാണെന്ന് ഇ ശ്രീധരൻ പറഞ്ഞു.
എന്റെ പദ്ധതി തന്നെ നടപ്പിലാക്കണം എന്ന വാശി എനിക്കില്ല. എന്നാൽ കേരളത്തിന് ഒരു അതിവേഗ റെയിൽപ്പാത അത്യന്താപേക്ഷിതമാണ്. വിഷയത്തിൽ വിദഗ്ധ സമിതിയെ നിയോഗിച്ച് വെറുതെ സമയം കളയാതെ മുഖ്യമന്ത്രി നേരിട്ട് തീരുമാനമെടുക്കണമെന്നും ഇ ശ്രീധരൻ കൂട്ടിച്ചേർത്തു. സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും തന്റെ രാഷ്ട്രീയം ഇതിനൊരു തടസ്സമാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിവേഗ റെയിൽപ്പാത വരുന്നതോടെ സംസ്ഥാനത്ത് മികച്ച റെയിൽ കണക്റ്റിവിറ്റിയുള്ള രണ്ടാം നിര നഗരങ്ങൾ വളർന്നുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതിയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ അടുത്ത ആഴ്ച കൊച്ചിയിൽ പ്രചാരണ പരിപാടി സംഘടിപ്പിക്കും. അതിവേഗ പാത കടന്നുപോകുന്ന എല്ലാ മേഖലകളിലും വരും ദിവസങ്ങളിൽ പ്രചാരണം നടത്താനാണ് തീരുമാനം.