Banner Ads

തൊപ്പിയുടെ യൂട്യൂബ് ചാനൽ പൂട്ടി; മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് പോലീസ്

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ വിവാദ യൂട്യൂബർ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിന് കനത്ത തിരിച്ചടി. കേരള പോലീസ് നൽകിയ ഔദ്യോഗിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു. ആലുവ റൂറൽ സൈബർ പൊലീസാണ് ഇയാൾക്കെതിരെയുള്ള പരാതിയിൽ കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരുന്നത്.കേസിൽ അറസ്റ്റ് ഒഴുവാക്കാനായി നിഹാദ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ പോലീസ് കോടതിയിൽ ശക്തമായി എതിർത്തു.

എറണാകുളം സെഷൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പോലീസ് വ്യക്തമാക്കുന്നത്.പ്രതി ചെയ്തത് അതീവ ഗുരുതരമായ സ്വഭാവമുള്ള കുറ്റകൃത്യങ്ങളാണ്.യാതൊരു കാരണവശാലും പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കരുത്.’തൊപ്പി’ക്കും ഇയാളുടെ സുഹൃത്തുക്കൾക്കുമെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്.

ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, പോക്സോ കുറ്റകൃത്യങ്ങൾ, ലൈംഗിക ചൂഷണം തുടങ്ങിയ നിരവധി നിയമലംഘനങ്ങൾ ഇവർക്കെതിരെ ചൂണ്ടിക്കാണിക്കപ്പെടുന്നു.അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവി (DGP) ഷെയ്ഖ് ദർവേഷ് സാഹിബാണ് സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ യൂട്യൂബ് ചാനൽ പൂട്ടിക്കുന്നതടക്കമുള്ള കർശന നടപടികളിലേക്ക് പോലീസ് കടന്നിരിക്കുന്നത്.