
കോഴിക്കോട് : എറണാകുളം-ഓഖ എക്സ്പ്രസിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെയും മകളുടെയും ചിത്രം മൊബൈൽ ഫോണിൽ പകർത്തിയെന്ന പരാതിയിൽ ഒരാൾ പിടിയിൽ. തിരുവനന്തപുരം എരവൂർ സ്വദേശി റെജിയെയാണ് ആർപിഎഫും റെയിൽവേ പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞദിവസം രാത്രി യാത്രയ്ക്കിടെ ഷൊർണൂരിൽവെച്ചാണ് പ്രതി സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തിയത്. പരാതിക്കാരിയും സഹോദരിയും മകളും ഒന്നിച്ച് യാത്രചെയ്യുമ്പോഴായിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന സഹോദരിയുടെയും മകളുടെയും ചിത്രം പ്രതി പകർത്തിയതോടെ വിവരം ടിടിഇയെ അറിയിക്കുകയായിരുന്നു.
തുടർന്ന് ട്രെയിൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ആർപിഎഫും റെയിൽവേ പൊലീസും ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനായിട്ടാണ് ഇയാൾ ചിത്രങ്ങൾ പകർത്തിയതെന്ന് പൊലീസ് പറഞ്ഞു.