Banner Ads

അമേരിക്കൻ സന്ദർശനത്തിനായി തിരുവനന്തപുരം മേയർ വിവി രാജേഷ് ഇന്ന് തിരിക്കും; ഫോക്കാന സമ്മേളനത്തിലടക്കം പങ്കെടുക്കും

തിരുവനന്തപുരം : ഔദ്യോഗിക പരിപാടികൾക്കായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി രാജേഷ് എട്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് അമേരിക്കയിലേക്ക് പുറപ്പെടും. ഫിലാഡൽഫിയയിൽ നടക്കുന്ന ഫോക്കാന ഫൊക്കാനോ സമ്മേളനത്തിൽ പങ്കെടുക്കാനാണ് യാത്ര.

ടെക്സാസ്, വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക്, ഹൂസ്റ്റൺ എന്നിവിടങ്ങളിലെ മലയാളി സമൂഹവുമായും തിരുവനന്തപുരം സ്വദേശികളായ പ്രമുഖ വ്യക്തികളുമായും ആശയവിനിമയം നടത്തും. കൂടാതെ വിവിധ യുഎസ് നഗരങ്ങളിലെ മേയർമാരുമായി കൂടിക്കാഴ്ചകളും നിശ്ചയിച്ചിട്ടുണ്ട്.

മേയറായി സത്യപ്രതിജ്ഞ ചെയ്ത സമയത്ത് തന്നെ ഫോക്കാന ഭാരവാഹികൾ കോർപ്പറേഷൻ ഓഫീസിലെത്തി തന്നെ ക്ഷണിച്ചിരുന്നതായി മേയർ ഫേസ്ബുക്കിൽ കുറിച്ചു. ന്യൂജേഴ്സിയിൽ നടക്കുന്ന നാമം അവാർഡ് നൈറ്റിലും മേയർ പങ്കെടുക്കും.

ലോകപ്രശസ്ത ക്യാൻസർ വിദഗ്ദ്ധൻ ഡോ എംവി പിള്ള ഉൾപ്പെടെയുള്ള പ്രമുഖരുമായി തിരുവനന്തപുരത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യും.

തിരുവനന്തപുരം കോർപ്പറേഷന്റെ വികസന മുന്നേറ്റത്തിൽ അമേരിക്കൻ മലയാളി സമൂഹത്തിന്റെ അനുഭവസമ്പത്തും പങ്കാളിത്തവും ഉറപ്പാക്കാൻ ഈ സന്ദർശനം സഹായിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് മേയർ.

ഓഗസ്റ്റ് 10നാണ് മേയർ തിരികെ എത്തുക. ഈ ദിവസങ്ങളിൽ ഡെപ്യൂട്ടി മേയർ ജിഎസ് ആശാനാഥിന് മേയറുടെ ചുമതല കൈമാറിയിട്ടുണ്ട്.