
മാനന്തവാടി: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷ്ടിച്ച കേസിൽ നിർണായക പുരോഗതി. മോഷ്ടിക്കപ്പെട്ട പാൻമസാല ചാക്കുകൾ അന്വേഷണ സംഘം കണ്ടെടുത്തു. കേസിൽ അറസ്റ്റിലായ സീനിയർ സിവിൽ പൊലീസ് ഓഫിസർ (സിപിഒ) സബിത്തുമായി നടത്തിയ തെളിവെടുപ്പിലാണ് തൊണ്ടിമുതൽ കണ്ടെത്തിയത്.ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് വെറും 500 മീറ്റർ മാത്രം അകലെയുള്ള പൊലീസ് ക്വാർട്ടേഴ്സിൽ നിന്നാണ് പാൻമസാല ചാക്കുകൾ പിടിച്ചെടുത്തത്.
മോഷ്ടിച്ച പാൻമസാല ചാക്കുകൾ പ്രതി ആദ്യം കൽപ്പറ്റയിലാണ് സൂക്ഷിച്ചിരുന്നത്. സംഭവം പുറത്തറിയുകയും കേസെടുക്കുകയും ചെയ്തതിന്റെ തൊട്ടടുത്ത ദിവസം പുലർച്ചെയാണ് ഇവ രഹസ്യമായി പൊലീസ് ക്വാർട്ടേഴ്സിലേക്ക് മാറ്റിയതെന്ന് തെളിഞ്ഞു.മോഷണത്തിലും തൊണ്ടിമുതൽ ഒളിപ്പിക്കുന്നതിലും സബിത്തിന് പുറത്തുനിന്നുള്ള ആളുകളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. ചോദ്യം ചെയ്യലിൽ സബിത്ത് കുറ്റം സമ്മതിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.