Banner Ads

ചിലമ്പൊലിച്ച് അരമണികൾ, തകർത്തടിച്ച് മേളം; പുലിമടകളിൽ നിന്ന് ആവേശം സ്വരാജ് റൗണ്ടിലേക്ക്

തൃശൂർ : ഓണാഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതുന്ന ചരിത്രപ്രസിദ്ധമായ പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം. വൈകിട്ട് നാല് മണിയോടെ വിവിധ പുലിമടകളിൽ നിന്നിറങ്ങിയ പുലിക്കൂട്ടങ്ങൾ പൂരനഗരിയായ സ്വരാജ് റൗണ്ട് കീഴടക്കിക്കഴിഞ്ഞു.

ഇത്തവണ 9 സംഘങ്ങളിലായി 450ഓളം പുലികളാണ് നഗരത്തിൽ അണിനിരക്കുന്നത്. ഓരോ സംഘത്തിലും അൻപതിലധികം പുലിവേഷധാരികളുണ്ട്. പരമ്പരാഗത വേഷക്കാർക്കൊപ്പം കുട്ടിപ്പുലികളും പെൺപുലികളും തുള്ളിയുറയുന്നത് ഇത്തവണത്തെ പ്രധാന ആകർഷണമാണ്.

പുലിക്കളിക്കൊപ്പം അണിനിരത്തിയിട്ടുള്ള മനോഹരമായ നിശ്ചലദൃശ്യങ്ങളും കാഴ്ച്ചക്കാർക്ക് വലിയ വിരുന്നേകുന്നു. ശരീരത്തിൽ കടുവയുടെയും പുലിയുടെയും മാതൃകയിൽ ചായങ്ങൾ പൂശി, അരമണികെട്ടി, തകിലിന്റെയും ചെണ്ടമേളത്തിന്റെയും അതിശക്തമായ താളത്തിനൊത്ത് തുള്ളിയുറയുന്ന കാഴ്ച നഗരത്തെ ആവേശക്കടലാക്കി മാറ്റിയിരിക്കുകയാണ്.

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ കലാരൂപത്തിന് സാക്ഷ്യം വഹിക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് ആളുകളാണ് തൃശൂരിലേക്ക് ഒഴുകിയെത്തുന്നത്. മികച്ച പുലിക്കളി സംഘങ്ങൾക്കും നിശ്ചലദൃശ്യങ്ങൾക്കും വേഷങ്ങൾക്കും പ്രത്യേക പുരസ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്.