
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിത പവർ കട്ട് മൂലം ഓക്സിജൻ ലഭിക്കാതെ രോഗി ദാരുണമായി മരണപ്പെട്ട സംഭവം അതീവ സങ്കടകരവും ഗൗരവതരവുമാണെന്ന് മുൻ ആരോഗ്യ മന്ത്രി വീണ ജോർജ്. വീടുകളിൽ ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന രോഗിയാണ് വൈദ്യുതി തടസ്സത്തെത്തുടർന്ന് ഓക്സിജൻ സാച്ചുറേഷൻ കുറഞ്ഞ് മരണമടഞ്ഞത്.
നിലവിലെ പവർ കട്ടിലും സർക്കാരിന്റെ നിസംഗതയ്ക്കുമെതിരെ കടുത്ത വിമർശനമാണ് അവർ ഉയർത്തിയത്.സാമൂഹ്യപ്രവർത്തക ചിത്ര അഭയയാണ് മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം ആദ്യം പുറംലോകത്തെ അറിയിച്ചത്.വൈദ്യുതി തടസ്സപ്പെട്ട വിവരം കെ.എസ്.ഇ.ബി ഓഫീസിൽ വിളിച്ചറിയിച്ച കുടുംബാംഗങ്ങളോട് അധികൃതർ ക്രൂരമായാണ് പെരുമാറിയതെന്ന് വീണ ജോർജ് ചൂണ്ടിക്കാട്ടി.
“എന്തുകൊണ്ട് ഇൻവെർട്ടർ വാങ്ങിയില്ല?” എന്ന രീതിയിലുള്ള മനുഷ്യത്വരഹിതമായ മറുപടിയാണ് അധികൃതരിൽ നിന്ന് ഉണ്ടായത്. ഇൻവെർട്ടറോ ജനറേറ്ററോ വാങ്ങാൻ സാമ്പത്തിക ശേഷിയില്ലാത്ത പാവപ്പെട്ട കുടുംബങ്ങൾ നമുക്കിടയിലുണ്ടെന്ന യാഥാർത്ഥ്യം അധികൃതർ വിസ്മരിക്കരുത്.ഈ സംഭവം കോവിഡ് കാലത്തെ അങ്ങേയറ്റം വേദനിപ്പിക്കുന്ന ഓർമ്മകളാണ് ഉണർത്തുന്നതെന്ന് മുൻ മന്ത്രി പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രതയിൽ പോലും ഓക്സിജൻ കിട്ടാതെ കേരളത്തിൽ ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിരുന്നില്ല.
അന്ന് യുദ്ധകാലാടിസ്ഥാനത്തിൽ ബെഡ്ഡുകൾ ക്രമീകരിക്കുകയും വീടുകളിലെ രോഗികൾക്ക് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഉറപ്പാക്കുകയും ചെയ്തിരുന്നു. ഓക്സിജൻ പ്രതിസന്ധിയില്ലാത്ത ആ പ്രതിരോധം അന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും അഭിനന്ദിച്ചതാണ്. എന്നാൽ, ഇന്ന് പവർ കട്ട് മൂലം രോഗി മരിക്കേണ്ടി വന്ന സാഹചര്യം ഏറെ ലജ്ജാകരമാണെന്ന് അവർ വ്യക്തമാക്കി.