
കണ്ണൂർ : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സണ്ണി ജോസഫ് എംഎൽഎ. മന്ത്രി ലോഡ്ഷെഡിംഗ് ഇല്ല എന്ന് ആവർത്തിക്കുമ്പോഴും ജനങ്ങൾ അനുഭവിക്കുന്നത് മറ്റൊന്നാണെന്നും സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ട് നിലനിൽക്കുന്നുണ്ടെന്നത് യാഥാർഥ്യമാണെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. ലോഡ്ഷെഡിംഗ് ഇല്ലെന്ന മന്ത്രിയുടെ വാദം പൊള്ളയാണ്. അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ പൊളിഞ്ഞിരിക്കുകയാണ്. പവർകട്ട് എന്ന പേരിനാണോ അതോ യാഥാർഥ്യത്തിനാണോ സർക്കാർ ഭയപ്പെടുന്നത് എന്ന് അദ്ദേഹം ചോദിച്ചു.
ആരാകണം മുഖ്യമന്ത്രി എന്നത് ഹൈക്കമാൻഡ് തീരുമാനിക്കും. ആ തീരുമാനം അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. രമേശ് ചെന്നിത്തലയുടെ പേരിൽ വന്ന പരസ്യം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അനാവശ്യ ചർച്ചകൾ അവസാനിപ്പിക്കാൻ മാധ്യമങ്ങൾക്കാണ് നിയന്ത്രണം വേണ്ടതെന്ന് സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.