
കോട്ടയം : ജനങ്ങൾക്കിടയിൽ ജീവിച്ച് കേരള രാഷ്ട്രീയത്തിൽ തന്റേതായ മുദ്ര പതിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടപറഞ്ഞിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു. സംസ്ഥാന രാഷ്ട്രീയത്തിലും കോൺഗ്രസ് പ്രസ്ഥാനത്തിലും അദ്ദേഹം ഉണ്ടാക്കിയ വിടവ് ഇപ്പോഴും നികത്താനാകാത്തതായി തുടരുകയാണ്.
നീണ്ട പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് വീണ്ടും അധികാരത്തിൽ എത്തിയെങ്കിലും പ്രിയ നേതാവിന്റെ അഭാവം മുന്നണിക്കും അണികൾക്കും ഇന്നും വലിയൊരു സങ്കടമായി അവശേഷിക്കുന്നു.
പുതുപ്പള്ളിയിൽ വിപുലമായ അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പുതുപ്പള്ളി പള്ളി അങ്കണത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം കെസി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ഉച്ചയോടെ മുഖ്യമന്ത്രി വിഡി സതീശൻ കല്ലറയിൽ പുഷ്പാർച്ചന നടത്തും.
കൂടാതെ വിവിധ കോൺഗ്രസ് മണ്ഡലം-ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലും അനുസ്മരണ യോഗങ്ങൾ നടക്കും. വികസന പദ്ധതികളുടെ കണക്കുകൾക്കപ്പുറം കരുതലും കരുണയും നിറഞ്ഞ ജനസമ്പർക്ക പരിപാടികളിലൂടെയാണ് ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിൽ ഇടം നേടിയത്.
തനിക്കു മുന്നിൽ സഹായം തേടിയെത്തുന്ന സാധാരണക്കാരന് വേണ്ടി സെക്രട്ടറിയേറ്റിലെ ഔദ്യോഗിക മുറി മാത്രമല്ല ട്രെയിനും ബസ് സ്റ്റാൻഡും ആശുപത്രി വരാന്തകളും വരെ ഫയൽ തീർപ്പാക്കാനുള്ള ഇടങ്ങളാക്കി മാറ്റിയതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ശൈലി.
രാഷ്ട്രീയ വിയോജിപ്പുകൾ ഉള്ളവർ പോലും ആദരിച്ചിരുന്ന ജനനായകന്റെ സ്മരണ പുതുക്കി ഇന്നും ഒട്ടനവധി പേരാണ് പുതുപ്പള്ളി കല്ലറയിലേക്ക് ഒഴുകിയെത്തുന്നത്.