Banner Ads

കൊല്ലത്ത് പത്തുവയസ്സുകാരന് ക്രൂര പീഡനം; ശരീരമാസകലം പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി, അച്ഛനെതിരെ കേസ്

കൊല്ലം: മൈനാഗപ്പള്ളിയിൽ പത്തുവയസ്സുകാരനെ ശരീരമാസകലം പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൂടുവെള്ളം വീണ് പൊള്ളിയതാണെന്നാണ് ബന്ധുക്കൾ ആദ്യം പറഞ്ഞതെങ്കിലും, സ്വന്തം അച്ഛൻ തന്നെയാണ് തന്നെ പൊള്ളിച്ചതെന്ന് കുട്ടി പൊലീസിന് മൊഴി നൽകി. നിലവിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടാകുന്നത്.

കുട്ടിയുടെ നെഞ്ച്, വയർ, പുറംഭാഗം, ഇടതു തുട എന്നിവിടങ്ങളിൽ സാരമായി പൊള്ളലേറ്റിട്ടുണ്ട്. അന്നുതന്നെ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും പ്രാഥമിക ചികിത്സ മാത്രം നൽകി തിരികെ അയക്കുകയായിരുന്നു. സാരമായി പൊള്ളലേറ്റ കുട്ടിക്ക് അന്ന് ആശുപത്രി അധികൃതർ വേണ്ടത്ര ചികിത്സ നൽകിയില്ലെന്ന് ബന്ധുക്കൾക്ക് ആരോപണമുണ്ട്.ഇന്ന് കുട്ടിയെ വീണ്ടും ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പൊള്ളലിന്റെ തീവ്രത മനസ്സിലാക്കിയ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ (CWC) വിവരം അറിയിക്കുന്നത്.

സി.ഡബ്ല്യു.സിയുടെ കർശന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം ശാസ്താംകോട്ട പൊലീസ് സംഭവത്തിൽ കേസെടുത്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അച്ഛനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ യഥാർത്ഥ നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ശാസ്താംകോട്ട പൊലീസ് അറിയിച്ചു.