Banner Ads

പത്തിരട്ടി പരസ്യച്ചെലവ്, അഞ്ചിരട്ടി ഭൂമിവില: കിഫ്‌ബിയിലെ തട്ടിപ്പുകൾ പുറത്തുകൊണ്ടുവന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം : കിഫ്‌ബി വഴിയുള്ള ഭൂമി ഏറ്റെടുക്കലുകളിലും നിയമനങ്ങളിലും വ്യാപക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന നിരീക്ഷണത്തെ തുടർന്ന് സമഗ്ര അന്വേഷണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. കണ്ണൂരിൽ അഞ്ചിരട്ടി വില നൽകി ഏറ്റെടുത്തത് സിപിഎമ്മുമായി ബന്ധമുള്ളവരുടെ ഭൂമിയാണെന്ന സംശയത്തെ തുടർന്ന് കേസിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത.

ഭൂമിയിടപാടുകൾക്ക് പുറമെ അനധികൃത നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും അന്വേഷണ പരിധിയിൽ വരും. കിഫ്‌ബിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയല്ല, ഘടന പുനസംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കി.

കിഫ്‌ബി വായ്പകൾക്ക് സർക്കാർ ഗ്യാരണ്ടി വേണ്ടെന്ന ധനവകുപ്പിന്റെ നിർദ്ദേശം മറികടന്നത് റൂൾസ് ഓഫ് ബിസിനസ് ലംഘനമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദഗ്ധ സമിതിയുടെ അവലോകന റിപ്പോർട്ടിൽ ഗുരുതരമായ ക്രമക്കേടുകളാണ് ചൂണ്ടിക്കാട്ടുന്നത്. ആകെയുള്ള ഭൂമി ഏറ്റെടുക്കലിന്റെ പകുതിയിലധികവും കണ്ണൂരിലാണ് നടന്നത്.

വരുമാനദായകമല്ലാത്ത പദ്ധതികൾക്ക് കോടികൾ ചെലവിട്ടെന്നും കണക്കിൽ കാണിച്ചതിന്റെ പത്തിരട്ടി തുക പരസ്യങ്ങൾക്കായി ചെലവഴിച്ചെന്നും മൂന്ന് ജില്ലകൾക്ക് മാത്രമായി പദ്ധതികളുടെ 41.6% വീതിച്ചു നൽകിയെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.