
ദില്ലി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാവ് അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുത്ത് ദില്ലി പോലീസ്. കരോൾ ബാഗിലെ വസതിയിൽ പോലീസ് സംഘം എത്തിയ ശേഷമാണ് അഭിജീതിനെ കസ്റ്റഡിയിലെടുത്തത്. തനിക്കെതിരെ പോലീസ് നടപടിക്ക് സാധ്യതയുണ്ടെന്നും ഐബിയും പൊലീസും തന്നെ നിരീക്ഷിക്കുന്നുണ്ടെന്നും അഭിജീത് നേരത്തെ വ്യക്തമാക്കിയിരുന്നു.
സിജെപി പ്രഖ്യാപിച്ച തിരംഗ റാലി തടയുന്നതിന്റെ ഭാഗമായാണ് പോലീസ് നടപടി. സംഘടനയുടെ മറ്റ് അശുതോഷ് രംഗ, സൗരവ് ദാസ് എന്നിവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അതിനിടെ സമരം മുന്നിൽ കണ്ട് ദില്ലി സെൻട്രൽ പാർക്ക് പോലീസ് അടച്ചതിനെതിരെ സുപ്രീം കോടതി ഇടപെട്ടു.
തുടർന്ന് കൊണാട്ട് പ്ലേസിലെ നിശ്ചിത സ്ഥലത്ത് പതാകയേന്തി പ്രതിഷേധിക്കാൻ 11 പേർക്ക് പോലീസ് അനുമതി നൽകി. എന്നാൽ ഈ പ്രതിഷേധത്തിൽ പൊതുജനങ്ങൾ പങ്കെടുക്കരുതെന്ന് ദില്ലി പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷ മുൻനിർത്തി 25000ത്തോളം പൊലീസുകാരെയാണ് തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്.