
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തുടങ്ങാനിരിക്കെ ശബരിമലയില്‍ എത്തുന്ന ഭക്തർക്ക് നൂതന സേവനങ്ങളുമായി ജില്ലാ ഭരണകൂടം.’സ്വാമി ചാറ്റ് ബോട്ട്’ എന്ന് എഐ തീർഥാടകർക്ക് സുഗമമായ തീർഥാടനം ഉറപ്പാക്കുന്നതിന് അസിസ്റ്റന്റിനെയാണ് ജില്ലാ ഭരണകൂടം പുതിയതായി അവതരിപ്പിക്കുന്നത്.
ആധുനികമായ ഈ ഡിജിറ്റല്‍ സംവിധാനത്തിന്റെ പ്രവർത്തനത്തിലൂടെ ശബരിമല യാത്ര കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമാക്കി സേവനങ്ങള്‍ ഭക്തർക്ക് എത്രയും വേഗം എത്തിക്കാനാവുമെന്ന് ജില്ലാ ഭരണ സംവിധാനം വ്യക്തമാക്കി.ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസിദ്ധപ്പെടുത്തി.സ്മാർട്ട് ഫോണ്‍ ഇന്റർഫേസിലൂടെ ആക്സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്,ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളില്‍ സമഗ്ര സേവനം ഉറപ്പ് വരുത്തുന്നു.
മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് സംവിധാനം ഒരുക്കിയത്. നടതുറപ്പ്, പൂജാസമയം തുടങ്ങിയക്ഷേത്ര കാര്യങ്ങളും വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തർക്ക് ഇതിലൂടെ ലഭ്യമാകും. പോലീസ്, വനം വകുപ്പ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്ന സ്വാമി ചാറ്റ് ബോട്ടിലൂടെ അപകട രഹിതവും കൃത്യവുമായ തീർത്ഥാടന അനുഭവം ഭക്തർക്ക് ഉറപ്പ് വരുത്താനാകും.