
ഒറ്റപ്പാലം: പാലക്കാട് റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകളിൽ വൻ കഞ്ചാവ് വേട്ട. രണ്ട് വെവ്വേറെ സംഭവങ്ങളിലായി 98 കിലോഗ്രാം കഞ്ചാവാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശികളായ നാല് പേരെ അറസ്റ്റ് ചെയ്തു.ആർ.പി.എഫ്, എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്, റെയിൽവേ പോലീസ് എന്നിവർ സംയുക്തമായി നടത്തിയ റെയ്ഡുകളിലാണ് ലഹരി കടത്ത് സംഘങ്ങൾ വലയിലായത്.
ഓപ്പറേഷൻ തൂഫാൻ’ പരിശോധനയുടെ ഭാഗമായി റെയിൽവേ പോലീസും ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും നടത്തിയ തിരച്ചിലിൽ വിവേക് എക്സ്പ്രസിന്റെ ജനറൽ കോച്ചിലെ ശുചിമുറിയിൽ നിന്ന് ഉടമസ്ഥനില്ലാത്ത രണ്ട് ബാഗുകൾ കണ്ടെത്തി. പരിശോധനയിൽ ബാഗുകളിൽ നിന്ന് 27 കിലോ കഞ്ചാവ് പിടിച്ചെടുത്തു.’ഓപ്പറേഷൻ തണ്ടർ’ മിന്നൽ പരിശോധനയിൽ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വെച്ച് 71 കിലോ കഞ്ചാവുമായി നാല് ബംഗാൾ സ്വദേശികൾ പിടിയിലായി.
നുർ ഇസ്ലാം (20), തോജമൽ (36), മന്നൻ മുല്ല (38), മൈനൂൽ ഇസ്ലാം (21) എന്നിവരെയാണ് എക്സൈസ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എൻ. നൗഫലിന്റെ നേതൃത്വത്തിലുള്ള സംഘവും ആർ.പി.എഫും ചേർന്ന് അറസ്റ്റ് ചെയ്തത്.
ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത്. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.