
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനുമായി ബന്ധപ്പെട്ടുണ്ടായ കൂടിക്കാഴ്ചാ വിവാദങ്ങൾക്കിടെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തിൽ കെ.പി.സി.സി അധ്യക്ഷൻ അടിയന്തരമായി ഇടപെടുമെന്ന് വ്യക്തമാക്കിയതായി അലോഷ്യസ് അറിയിച്ചു.അലോഷ്യസിനെ മുഖ്യമന്ത്രി അവഗണിച്ചെന്ന ആരോപണത്തിൽ താൻ മുഖ്യമന്ത്രി വി.ഡി. സതീശനുമായി സംസാരിച്ചുവെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
“അലോഷ്യസ് കാണാൻ അനുമതി തേടിയ സമയത്ത് മുഖ്യമന്ത്രിക്ക് മറ്റൊരു പ്രധാന ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഓൺലൈൻ യോഗത്തിൽ പങ്കെടുക്കേണ്ടി വന്നതിനാലുള്ള തിരക്കുകൊണ്ടാണ് അലോഷ്യസിനെ കാണാൻ സാധിക്കാതെ പോയതെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.” സണ്ണി ജോസഫ്,മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചാ തടസ്സത്തിൽ പാർട്ടിക്കുള്ളിലെ ആശങ്കകൾ കെ.പി.സി.സി നേതൃത്വത്തെ ധരിപ്പിച്ചതായി അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
വിവാദങ്ങളോട് അദ്ദേഹം പ്രതികരിച്ചത്,കേരളത്തിന്റെ മുഖ്യമന്ത്രിക്ക് വലിയ ഔദ്യോഗിക തിരക്കുകളുണ്ടാകും, അത് തങ്ങൾ പൂർണ്ണമായും മാനിക്കുന്നു. ഈ വിഷയം മുഖ്യമന്ത്രി കാണാതെ പോകില്ലെന്നും വൈകാതെ തന്നെ അദ്ദേഹത്തെ നേരിട്ട് കാണുമെന്നും അലോഷ്യസ് പറഞ്ഞു.കെ.എസ്.യു – സർക്കാർ പോര്’ എന്ന തരത്തിലുള്ള ടാഗ്‌ലൈനുകളോട് തങ്ങൾക്ക് താൽപര്യമില്ല.ഈ വിഷയത്തെ ആരും ഗ്രൂപ്പ് താല്പര്യങ്ങളിലേക്ക് വലിച്ചിഴക്കരുത്. സോഷ്യൽ മീഡിയയിലും മറ്റും ആളുകൾ എഴുതിപ്പിടിപ്പിക്കുന്ന എല്ലാ കാര്യങ്ങൾക്കും മറുപടി പറയുകയല്ല തന്റെ ഉത്തരവാദിത്തമെന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.