
തിരുവനന്തപുരം: വാഴിച്ചൽ ഇമ്മാനുവൽ കോളജിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സീനിയർ വിദ്യാർത്ഥി അറസ്റ്റിൽ, ജൂനിയർ വിദ്യാർഥി ആദിഷിനെയാണ് സീനിയർ വിദ്യാർത്ഥിയായ ജിതിൻ മർദിച്ചത്.
ഇമ്മാനുവൽ കോളജിലെ ബികോം ഇൻഫർമേഷൻ സിസ്റ്റം ഒന്നാം വർഷ വിദ്യാർത്ഥിയാണ് ആദിഷ് ബികോം ഫിനാൻസ് ഡിപ്പാർട്ട്മെന്റിലെ രണ്ടാംവർഷ വിദ്യാർത്ഥിയാണ് ജിതിൻ.ആദിഷിന്റെ പിതാവ് ശ്രീകുമാരൻ ആര്യങ്കോട് പോലീസിൽ നൽകിയ പരാതിയിലാണ് നടപടി. കോളജ് അധികൃതർക്കും പിതാവ് പരാതി നൽകിയിട്ടുണ്ട്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഘർഷം നടന്നത്.
ഇന്നലെ രാത്രി ആദിഷിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് ജിതിനെ അറസ്റ്റ് ചെയ്തത്. ആദിഷിന്റെ വയറിലും നെഞ്ചിലും ചവിട്ടുകയും ശേഷം നിലത്തിട്ട് ചവിട്ടുകയും ചെയ്തിട്ടുണ്ട്.ഗുരുതരമായി പരുക്കേറ്റ ആദിഷ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ ജിതിൻ മറ്റൊരു വിദ്യാർത്ഥിയുമായി കോളജ് പരിസരത്ത് വെച്ച് വാക്കേറ്റവും കയ്യാങ്കളിയും നടന്നിരുന്നു. ഈ വിഷയത്തിൽ ആദിഷ് ഇടപെട്ടതിലുള്ളവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം