
ന്യൂഡൽഹി: വ്യാജ കഫ് സിറപ്പുകൾ കഴിച്ച് കുട്ടികൾ മരിക്കാനിടയായ സംഭവങ്ങളെത്തുടർന്ന് രാജ്യത്ത് സിറപ്പ് വിൽപ്പനയിൽ കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 1945-ലെ ഡ്രഗ് റൂൾസിൽ അഞ്ചാം ഭേദഗതി വരുത്തിക്കൊണ്ട് മന്ത്രാലയം ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു.പുതിയ ഉത്തരവ് പ്രകാരം കഫ് സിറപ്പുകൾ ഉൾപ്പെടെയുള്ളവ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് നേരിട്ട് വാങ്ങി കഴിക്കുന്നത് നിയമവിരുദ്ധമാകും. ഡോക്ടറുടെ കൃത്യമായ കുറിപ്പടി (Prescription) ഉണ്ടെങ്കിൽ മാത്രമേ ഇനി ഫാർമസികളിൽ നിന്ന് സിറപ്പുകൾ ലഭിക്കൂ.
ജനസംഖ്യ കുറഞ്ഞ ഗ്രാമങ്ങളിൽ ലൈസൻസ് ഇല്ലാതെ സിറപ്പുകൾ വിൽക്കാൻ നേരത്തെ നൽകിയിരുന്ന ഇളവുകൾ കേന്ദ്രം പൂർണ്ണമായി റദ്ദാക്കി.സിറപ്പുകളെ നിയന്ത്രണങ്ങളിൽ നിന്ന് ഇളവുള്ള ‘ഷെഡ്യൂൾ കെ’ (Schedule K) വിഭാഗത്തിൽ നിന്നും ഒഴിവാക്കി.സിറപ്പുകളുടെ ഉത്പാദനം, വിതരണം എന്നിവയിലും കർശനമായ ഗുണനിലവാര പരിശോധനകൾ ഉറപ്പാക്കാൻ നിർദ്ദേശമുണ്ട്.മധ്യപ്രദേശിലും രാജസ്ഥാനിലും വ്യാജ കഫ് സിറപ്പുകൾ കഴിച്ച് നിരവധി കുട്ടികൾ മരണപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഈ അടിയന്തര ഇടപെടൽ.
മധ്യപ്രദേശിൽ മാത്രം ഇരുപതോളം കുട്ടികളാണ് വ്യാജ സിറപ്പ് കഴിച്ച് മരണത്തിന് കീഴടങ്ങിയത്.പൊതുജനാരോഗ്യവും കുട്ടികളുടെ സുരക്ഷിതത്വവും മുൻനിർത്തിക്കൊണ്ട്, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഈ പുതിയ നിയമം ഉടനടി പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.