Banner Ads

വൈക്കം അഷ്ടമി കാർണിവലിൽ മദ്യപാനത്തിനിടെ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്, യുവാവ് പോലീസ് കസ്റ്റഡിയിൽ

വൈക്കം: വൈക്കം അഷ്ടമി കാർണിവലിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. നിരോധിത പുകയില ഉത്പന്നം ചോദിച്ചിട്ട് നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായത്. സംഭവത്തിൽ കുത്തേറ്റ കർണാടക സ്വദേശി അജയ്യെ (27) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ കൊല്ലം സ്വദേശി ആൽബിനെ (21) വൈക്കം പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വൈക്കം ബീച്ചിലെ അഷ്ടമി കാർണിവൽ നഗരിയിലായിരുന്നു സംഭവം. കാർണിവലിലെ തൊഴിലാളികളായ ഇവർ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഹാൻസ് ചോദിച്ചതിനെ ചൊല്ലി തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് പ്രകോപിതനായ ആൽബിൻ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അജയ്യെ കുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

സംഘർഷം കണ്ട് പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് കർണാടക സ്വദേശികൾക്കും പരിക്കേറ്റിട്ടുണ്ട്.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അജയ്യുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വൈക്കം പോലീസ് പ്രതിയായ ആൽബിനെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.