Banner Ads

വിയറ്റ്‌നാമിൽ ഇന്ത്യൻ സഞ്ചാരികളുടെ സ്പീഡ് ബോട്ട് മറിഞ്ഞു: 15 ഓളം മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ഫൂ ക്വോക്ക്: വിയറ്റ്‌നാമിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഫൂ ക്വോക്ക് ദ്വീപിന് സമീപം ഇന്ത്യൻ ടൂറിസ്റ്റുകൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വൻ അപകടം. അപകടത്തിൽ 15ഓളം പേർ മരിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.’മിൻ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം’ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

മേ റൂട്ട് എൻഗോയ് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് മടങ്ങുകയായിരുന്ന ബോട്ട്, യാത്ര തിരിച്ച് 400 മീറ്റർ പിന്നിട്ടപ്പോഴേക്കും ഉച്ചയ്ക്ക് ഒരു മണിയോടെ തലകീഴായി മറിയുകയായിരുന്നു.അപകടസമയത്ത് ബോട്ടിൽ 3 ജീവനക്കാരും 32 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗം പേരും ഇന്ത്യൻ വിനോദസഞ്ചാരികളാണ്.വിയറ്റ്‌നാം സൈന്യം, പൊലീസ്, സിവിൽ രക്ഷാപ്രവർത്തകർ, പ്രാദേശിക മത്സ്യത്തൊഴിലാളികൾ എന്നിവർ ചേർന്ന് നടത്തിയ പ്രയത്നത്തിലൂടെ 23 പേരെ കടലിൽ നിന്ന് രക്ഷപ്പെടുത്തി.

രക്ഷപ്പെടുത്തിയവർക്ക് അൻ തോയ് തുറമുഖത്ത് അടിയന്തര പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രികളിലേക്ക് മാറ്റി. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. കാണാതായ മറ്റുള്ളവർക്കായി കടലിൽ തിരച്ചിൽ തുടരുകയാണ്.സംഭവത്തെത്തുടർന്ന് വിയറ്റ്‌നാമിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ അതീവ ശ്രദ്ധയോടെ നിരീക്ഷിച്ചു വരികയാണ്. ദുരന്തബാധിതരായ കുടുംബങ്ങളെ സഹായിക്കുന്നതിനായി ഹെൽപ്പ് ലൈൻ നമ്പറുകളോടെയുള്ള അടിയന്തര കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

ബന്ധപ്പെടേണ്ട കൺട്രോൾ റൂമുകൾ ഹോ ചി മിൻ സിറ്റിയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ്.ഹനോയിയിലെ ഇന്ത്യൻ എംബസി ഓഫീസ്.അപകടത്തിന്റെ കൃത്യമായ കാരണവും ആകെ ജീവഹാനിയും സംബന്ധിച്ച കൂടുതൽ ഔദ്യോഗിക വിവരങ്ങൾക്കായി വിയറ്റ്‌നാം അധികൃതർ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.