Banner Ads

ബഹിരാകാശത്തേക്ക് ഒരു മലയാളി പെരുമ: അനില്‍ മേനോന്റെ അസാധാരണ യാത്ര

അസാമാന്യ പ്രതിഭയും കഠിനാധ്വാനവും ചേർന്നാൽ ഒരു മനുഷ്യന് എത്രത്തോളം ഉയരങ്ങളിൽ എത്താനാകും എന്നതിന്റെ ജീവിക്കുന്ന തെളിവാണ് അനിൽ മാധവൻ സമോയ്ലെൻകോ മേനോൻ. ഒരു സൈനികൻ, ഡോക്ടർ, പൈലറ്റ്, ബഹിരാകാശ സഞ്ചാരി (ആസ്ട്രനോട്ട്) എന്നീ ബഹുമതികളെല്ലാം ഒരൊറ്റ പേരിൽ ചേർത്തുവെച്ച ഈ പാതി മലയാളി ഇപ്പോൾ ലോകത്തിന്റെ നെറുകയിലാണ്. ഒറ്റപ്പാലം സ്വദേശിയായ കെ.പി. ശങ്കരൻ മേനോന്റെയും യുക്രെയ്ൻകാരി എലിസബത്ത് സമോയ്‍ലെൻകോയുടെയും മകനായ അനിൽ, കേരളത്തിന്റെ അഭിമാനം വാനോളമുയർത്താൻ ഒരുങ്ങിക്കഴിഞ്ഞു.

വരുന്ന ജൂലൈ പതിനാലാം തീയതി, കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമില്‍ നിന്ന് റഷ്യയുടെ ‘സൊയൂസ് എംഎസ് 29’ (Soyuz MS-29) പേടകം കുതിച്ചുയരുമ്പോള്‍, അതിന്റെ ഫ്ലൈറ്റ് എഞ്ചിനിയറുടെ സീറ്റില്‍ ഈ മലയാളി സാന്നിധ്യമുണ്ടാകും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) ‘എക്സ്പെഡിഷൻ 74’-ന്റെ ഭാഗമാകാനാണ് അനിലിന്റെ യാത്ര. ബഹിരാകാശത്തെ എട്ട് മാസത്തെ തീവ്ര ദൗത്യത്തിന് ശേഷം അടുത്ത വർഷം ഏപ്രിലിലായിരിക്കും അദ്ദേഹത്തിന്റെ മടക്കം. ഇന്ത്യൻ സമയം വൈകിട്ട് 8.17-നാണ് ലോകം കാത്തിരിക്കുന്ന ആ വിക്ഷേപണം.

ബഹിരാകാശ നിലയത്തിലേക്കുള്ള ഈ എട്ട് മാസത്തെ യാത്രയ്ക്ക് പിന്നിൽ വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിന്റെ വലിയൊരു കഥയുണ്ട്. മിനിയപ്പലിസില്‍ ജനിച്ച് വളർന്ന അനിൽ വിദ്യാഭ്യാസത്തിലും കരിയറിലും സൃഷ്ടിച്ച നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്.വിദ്യാഭ്യാസം: പ്രശസ്തമായ ഹാർവാർഡ് സർവകലാശാലയില്‍ നിന്ന് ന്യൂറോബയോളജിയില്‍ ബിരുദം നേടി. തുടർന്ന് സ്റ്റാൻഫോർഡില്‍ നിന്ന് മെക്കാനിക്കല്‍ എ‍ഞ്ചിനിയറിങ്ങില്‍ മാസ്റ്റേഴ്സും, ഒപ്പം വൈദ്യശാസ്ത്ര പഠനവും (MD) പൂർത്തിയാക്കി.നാസയില്‍ സോഫ്റ്റ് ടിഷ്യു മൊഡലുകളെ പറ്റി ഗവേഷണം നടത്തുകയും, ബഹിരാകാശ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട് ഇരുപതിലേറെ പ്രബന്ധങ്ങള്‍ രചിക്കുകയും ചെയ്തു.

സൈനിക സേവനവും പൈലറ്റും: അമേരിക്കൻ വ്യോമസേനയില്‍ കേണലായ അനിൽ, ആയിരത്തിലേറെ മണിക്കൂർ വിമാനം പറത്തിയ പരിചയസമ്പന്നനായ സെർട്ടിഫൈഡ് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ കൂടിയാണ്.നാസയിലും, പിന്നീട് സ്പേസ് എക്സിൻ്റെ  ആദ്യ മനുഷ്യബഹിരാകാശ ദൗത്യങ്ങളിലും ഫ്ലൈറ്റ് സർജനായി അദ്ദേഹം സേവനമനുഷ്ഠിച്ചു.ഈ അസാധാരണ മികവുകളുടെ പശ്ചാത്തലത്തിലാണ് 2021-ൽ നാസയുടെ ഇരുപത്തിമൂന്നാം ആസ്ട്രനോട്ട് ഗ്രൂപ്പിലേക്ക് അനിൽ തിരഞ്ഞെടുക്കപ്പെടുന്നത്. വരാനിരിക്കുന്ന ദൗത്യത്തിൽ ബഹിരാകാശത്തെ വൈദ്യശാസ്ത്ര പഠനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകും.അനിലിന്റെ കുടുംബവും ബഹിരാകാശ ചരിത്രത്തിന്റെ ഭാഗമാണ്. അദ്ദേഹത്തിന്റെ ഭാര്യ അന്ന മേനോനും ഒരു ബഹിരാകാശ സഞ്ചാരിയാണ്.

സ്പേസ് എക്സുമായി ചേർന്ന് ഇപ്പോഴത്തെ നാസ അഡ്മിനിസ്ട്രേറ്റർ ജാറെഡ് ഐസക്മാൻ നടത്തിയ ‘ഇൻസ്പിരേഷൻ ഫോർ’ (Inspiration4) ദൗത്യത്തിന്റെ ഭാഗമായിരുന്നു അന്ന. പിന്നീട് നാസയുടെ ഇരുപത്തിനാലാം ആസ്ട്രനോട്ട് ഗ്രൂപ്പിലേക്കും അവർ തിരഞ്ഞെടുക്കപ്പെട്ടു.രണ്ട് കുട്ടികളുള്ള ഈ ദമ്പതികൾക്ക് മുന്നിൽ ഇനിയുമേറെ ലക്ഷ്യങ്ങളുണ്ട്. നാസയുടെ ‘ആർട്ടെമിസ്’ (Artemis) ചാന്ദ്ര ദൗത്യങ്ങൾ സജീവമാകുമ്പോൾ അനിലും അന്നയും ഇനിയും ബഹിരാകാശ യാത്രകൾ നടത്തും. ഭാവിയിൽ ഇവരിൽ ഒരാളെങ്കിലും ചന്ദ്രനിൽ കാലുകുത്താനുള്ള സാധ്യതയും ഏറെയാണ്.കാത്തിരിപ്പോടെ ലോകം മലയാളിയുടെ ഈ സ്വപ്നതുല്യമായ ‘ലിഫ്റ്റ് ഓഫിനായി’ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളി സമൂഹം. വിക്ഷേപണത്തിന്റെയും പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കുന്ന (Docking) പ്രക്രിയയുടെയും തത്സമയ സംപ്രേക്ഷണത്തിനായി നമുക്ക് കാത്തിരിക്കാം.