
ദില്ലി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സമാജ്വാദി പാർട്ടി (എസ്.പി) – കോൺഗ്രസ് സീറ്റ് വിഭജന ചർച്ചകൾ സങ്കീർണമാകുന്നു. ആദ്യഘട്ടത്തിൽ കോൺഗ്രസിന് 24 സീറ്റുകൾ നൽകാമെന്നാണ് സമാജ്വാദി പാർട്ടിയുടെ നിലപാട്. വിജയസാധ്യതയാണ് സീറ്റ് വിഭജനത്തിലെ പ്രധാന മാനദണ്ഡമെന്ന നിലപാടിൽ എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് ഉറച്ചുനിൽക്കുകയാണ്. എന്നാൽ, ആകെ 181 സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
കോൺഗ്രസിന്റെ ഈ ആവശ്യം അംഗീകരിക്കപ്പെടാൻ സാധ്യത കുറവാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള സൂചന.തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി ബിജെപി മറുവശത്ത്, തിരഞ്ഞെടുപ്പിനായുള്ള കൃത്യമായ റോഡ്മാപ്പ് തയ്യാറാക്കി ബിജെപിയും പ്രചാരണ പ്രവർത്തനങ്ങളിലേക്ക് കടക്കുകയാണ്. മഥുര കൃഷ്ണ ജന്മഭൂമി വിഷയമടക്കമുള്ള പ്രധാന അജണ്ടകൾ തിരഞ്ഞെടുപ്പിൽ സജീവമായി ഉന്നയിക്കാനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റികൾ
അതേസമയം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി അഞ്ച് സംസ്ഥാനങ്ങളിലേക്ക് സ്ക്രീനിംഗ് കമ്മിറ്റികൾ രൂപീകരിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് ഒരുക്കങ്ങൾ ഊർജ്ജിതമാക്കി. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സമിതികളെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തിങ്കളാഴ്ച പ്രഖ്യാപിച്ചത്.
കേരളത്തിൽ നിന്നുള്ള എം.പിമാരായ ഷാഫി പറമ്പിലും ഹൈബി ഈഡനും വിവിധ സംസ്ഥാനങ്ങളിലെ സമിതികളിൽ അംഗങ്ങളായി ഇടംപിടിച്ചിട്ടുണ്ട്. ഒരു ചെയർപേഴ്സണും രണ്ട് അംഗങ്ങളും ഉൾപ്പെടുന്നതാണ് ഓരോ സമിതിയും. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാർത്ഥി നിർണ്ണയ നടപടികളുടെ മേൽനോട്ടമാണ് ഈ സ്ക്രീനിംഗ് കമ്മിറ്റികളുടെ പ്രധാന ചുമതല.