
വൈക്കം: കൊല്ലം മൈനാകപ്പള്ളി മുംതാസ് മൻസിലിൽ ഷേക്ക് മുഹമ്മദ്, മുംതാസ് ദമ്പതികളുടെ മകൾ ശാസ്താംകോട്ട ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി മെഹനാസ് അലിഷേക്കാണ് വേൾഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടാൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കിയത്.കൊല്ലം കല്ലടയാർ 15 മിനിട്ടു കൊണ്ട് നീന്തി കീഴടക്കിയ അനുഭവ സമ്പത്തിൻ്റെ പിൻബലത്തിലാണ് മെഹനാസ് നാല് കിലോമീറ്റർ വീതിയുളള വേമ്പനാട്ട് കായൽ ഒരു മണിക്കൂർ ഒൻപത് മിനിട്ടു കൊണ്ട് നീന്തി കീഴടക്കിയത്.
ബാംഗ്ലൂരിൽ നീന്തൽ പരിശീലകനായ ആലപ്പുഴ കൈനകരി സ്വദേശി വില്യം പുരുഷോത്തമൻ്റെ ശിക്ഷണത്തിൽ മെഹനാസ് രണ്ടുമാസം വേമ്പനാട്ടുകായലിലും വൈക്കത്തെ പുഴയിലും നാട്ടുതോട്ടിലുമൊക്കെ നീന്തി പരിശീലനം നടത്തിയിരുന്നു.വൈക്കം ബോട്ടുജെട്ടിയിലേക്ക് നീന്തിക്കയറിയ മെഹനാസിനെ വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷും മറ്റു ജനപ്രതിനിധികളും ഉപഹാരം നൽകി അനുമോദിച്ചു.
നീന്തലിൽ തൽപരയായ മകളെ പൊതുജലാശയത്തിൽ നീന്തുന്നതിന് പരിശീലിപ്പിച്ചത് നീന്തൽകുളങ്ങളുടെ പരിമിതിയിൽ നീന്തൽ അഭ്യസിച്ചവർ പുഴയിലും കായലിലുമൊക്കെ വീണ് അപകടപ്പെടുമ്പോൾ നീന്തി രക്ഷപ്പെടാൻ പാടുപെടുന്നത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാണെന്ന് മെഹനാസിൻ്റെ പിതാവ് ഷേക്ക് മുഹമ്മദ് പറഞ്ഞു.കണ്ണത്താദൂരം നീണ്ട് നിവർത്തുകടക്കുന്ന വേമ്പനാട് കായൽ നീന്തിക്കയറിയിട്ടും കുറച്ച് ഒഴുക്കുണ്ടായിരുന്നെങ്കിലും പേടിയുണ്ടായിരുന്നില്ല എന്നാണ് മെഹ്നാസിന്റെ അഭിപ്രായം.അഷ്ടമുടിക്കായൽ കൈകെട്ടി നീന്തുകയാണ് മെഹനാസിന്റെ അടുത്ത ലക്ഷ്യം