Banner Ads

തൃശൂരിലും ഷിഗെല്ല സ്ഥിരീകരിച്ചു; വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾ ചികിത്സയിൽ

തൃശൂർ: കോഴിക്കോടിനും തിരുവനന്തപുരത്തിനും പിന്നാലെ തൃശൂർ ജില്ലയിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ നാല് വയസുള്ള പെൺകുട്ടിക്കും ഏഴ് വയസുള്ള ആൺകുട്ടിക്കുമാണ് രോഗം ബാധിച്ചത്. ഇരുവരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടിലേക്ക് യാത്ര പോയി തിരിച്ചെത്തിയ ശേഷമാണ് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.ജില്ലയിൽ രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രദേശത്ത് ബോധവൽക്കരണ ക്ലാസുകൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം കാട്ടാക്കടയിലെ ഒരു ബേക്കറിയിൽ വിൽപനയ്ക്ക് വെച്ചിരുന്ന പാനീയത്തിലും ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. സംസ്ഥാനത്തുടനീളം ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.