Banner Ads

മലപ്പുറത്ത് ശക്തമായ ഇടിമിന്നൽ: പയ്യനാട് വീടിന് വ്യാപക നാശനഷ്ടം; 2 ലക്ഷത്തിന്റെ നഷ്ടം

മലപ്പുറം: ഞായറാഴ്ച രാത്രി പെയ്ത ശക്തമായ മഴയിലും കാറ്റിലും ഉണ്ടായ ഇടിമിന്നലിൽ വീടിന് വ്യാപക നാശനഷ്ടം. പയ്യനാട് അമയംകോട് സ്വദേശി മാഞ്ചേരി അബ്ദുള്ളയുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. അപകടത്തിൽ ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.

ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ വയറിങ്ങിന് തീപിടിച്ച് ഇലക്ട്രിക്കൽ സംവിധാനങ്ങൾ പൂർണ്ണമായും കത്തിനശിച്ചു. സ്വിച്ച് ബോർഡുകൾ, ഡിസ്ട്രിബ്യൂഷൻ ബോർഡ്, മെയിൻ സ്വിച്ച്, ലൈറ്റുകൾ എന്നിവ ഉപയോഗശൂന്യമായി. ഫ്രിഡ്ജ്, എസി, വാഷിങ് മെഷീൻ, ഇൻവെർട്ടർ, വാട്ടർ മോട്ടോർ അടക്കം വീട്ടിലുണ്ടായിരുന്ന വിലപിടിപ്പുള്ള നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും തകരാറിലായിട്ടുണ്ട്.

ഇടിമിന്നലിലെ ശക്തമായ പ്രകമ്പനത്തിൽ വീടിന്റെ മുകൾ നിലയിലെ ഓടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചുമരുകളിലും സീലിങ്ങിലും വിള്ളലുകൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.