
കൂറ്റനാട്: വേനൽച്ചൂട് കടുത്തതോടെ വാഹനങ്ങൾ തണുപ്പിക്കാൻ വഴിയേ തോറും താവളങ്ങൾ തേടുകയാണ് ഡ്രൈവർമാർ. കൂറ്റനാട്-പെരിങ്ങോട് റോഡിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്ന ഭാഗമാണ് ഇപ്പോൾ വാഹനങ്ങൾ കഴുകാനും തണുപ്പിക്കാനും ഉള്ള പ്രധാന കേന്ദ്രമായി മാറിയിരിക്കുന്നത്.കഠിനമായ ചൂടിൽ എൻജിനും ബോഡിയും ചൂടാകുന്നത് ഒഴിവാക്കാൻ നിരവധി വാഹനങ്ങളാണ് ഇവിടെ നിർത്തി വെള്ളം നനച്ചു പോകുന്നത്.
ഇരുചക്ര വാഹനങ്ങൾ മുതൽ വലിയ ചരക്ക് വാഹനങ്ങൾ വരെ ഇത്തരത്തിൽ “വാഹനം ഒന്ന് കൂൾ ആക്കാൻ” ഇവിടെ നിർത്തുന്നുണ്ട്. പൊള്ളുന്ന വെയിലിൽ നിന്നും യാത്രക്കാർക്കും വാഹനങ്ങൾക്കും ഇതൊരു ചെറിയ ആശ്വാസമാണെങ്കിലും, ശുദ്ധജലം ഇത്തരത്തിൽ പാഴാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.കിലോമീറ്ററുകളോളം ദൂരെയുള്ള ജനങ്ങൾക്ക് കുടിവെള്ളമായി എത്തേണ്ട പൈപ്പ് ലൈനാണ് ഇവിടെ പൊട്ടിയിരിക്കുന്നത്. ദിവസങ്ങളായി വെള്ളം പാഴായിട്ടും ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കാത്തതിനാലാണ് യാത്രക്കാർ ഇത് പ്രയോജനപ്പെടുത്തുന്നത്.