Banner Ads

ഏഴ് പതിറ്റാണ്ടിന്റെ പ്രൗഢി; കേരനിരകൾ ആടുന്ന മണ്ണിൽ ഇന്ന് കേരളപ്പിറവി ആഘോഷം

തിരുവനന്തപുരം : കേരനിരകളാടും ഹരിതചാരുതീരമായ നമ്മുടെ സ്വന്തം കേരളം ഇന്ന് എഴുപതാം പിറന്നാൾ ആഘോഷിക്കുന്നു. ഭാഷാടിസ്ഥാനത്തിൽ ഐക്യകേരളം രൂപംകൊണ്ട് നവംബർ ഒന്നിന് ഏഴ് പതിറ്റാണ്ട് പൂർത്തിയാകുമ്പോൾ നാടെങ്ങും സമാനതകളില്ലാത്ത ആവേശത്തിലാണ് മലയാളികൾ.

സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കി മാറ്റിയ ശേഷമുള്ള ആദ്യ കേരളപ്പിറവി ദിനം കൂടിയെന്ന പ്രത്യേകതയും ഇത്തവണത്തെ ആഘോഷങ്ങൾക്കുണ്ട്. തലസ്ഥാന നഗരിയായ തിരുവനന്തപുരം ഉൾപ്പെടെ സംസ്ഥാനത്തെമ്പാടും വിവിധ സാംസ്കാരിക പരിപാടികളോടെയാണ് ദിനം ആചരിക്കുന്നത്.

സ്വാതന്ത്ര്യലബ്ധിക്കു മുൻപ് തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്ന മലബാറും അടങ്ങിയ വ്യത്യസ്ത പ്രദേശങ്ങളായാണ് മലയാളക്കര സ്ഥിതി ചെയ്തിരുന്നത്. എന്നാൽ ഒരേ ഭാഷയും സംസ്കാരവും പാരമ്പര്യവും പങ്കിടുന്ന ജനങ്ങളെ ഒരു ഭരണകൂടത്തിന് കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ ശക്തമായ ജനകീയ പ്രസ്ഥാനങ്ങൾ രൂപംകൊണ്ടു.

സ്വാതന്ത്ര്യസമര കാലഘട്ടത്തിൽത്തന്നെ ഐക്യകേരളമെന്ന ആശയം ദേശീയ നേതാക്കളും നവോത്ഥാന നായകരും മുന്നോട്ടുവെച്ചിരുന്നു. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനസംഘടിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെ ഇതിനുള്ള നടപടികൾ വേഗത്തിലായി.

ഫസൽ അലി തലവനായുള്ള സംസ്ഥാന പുനസംഘടനാ കമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് തിരുവിതാംകൂറും കൊച്ചിയോടൊപ്പം മലബാറും ദക്ഷിണ കന്നഡയുടെ ഭാഗമായിരുന്ന കാസർകോട് താലൂക്കിലെ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളും കൂട്ടിച്ചേർത്ത് 1956 നവംബർ ഒന്നിന് ആധുനിക കേരളം ഔദ്യോഗികമായി നിലവിൽ വന്നത്.

കേളപ്പജി, കെ പി കേശവമേനോൻ തുടങ്ങി ഒട്ടനവധി ദേശസ്നേഹികളുടെയും സമുന്നത നേതാക്കളുടെയും നിസ്വാർത്ഥമായ പ്രയത്നത്തിന്റെ ഫലമാണ് ഇന്നത്തെ കേരളം. 1957 ഫെബ്രുവരിയിൽ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിലൂടെ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭ അധികാരത്തിൽ വരികയും ചെയ്തു.

തുടക്കത്തിൽ കേവലം അഞ്ച് ജില്ലകൾ മാത്രമുണ്ടായിരുന്ന ഈ കൊച്ചു സംസ്ഥാനം ഇന്ന് പതിനാല് ജില്ലകളുമായി രാജ്യത്തിന് തന്നെ മാതൃകയായ നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തും ആരോഗ്യ മേഖലയിലും ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള കേരളം രാജ്യത്ത് ആദ്യമായി സമ്പൂർണ്ണ സാക്ഷരത കൈവരിച്ച സംസ്ഥാനമെന്ന ചരിത്രവും കുറിച്ചു.

ഭൂപരിഷ്കരണ നിയമങ്ങൾ, അധികാര വികേന്ദ്രീകരണം, സാക്ഷരതാ യജ്ഞങ്ങൾ, ജനകീയ ആസൂത്രണം തുടങ്ങി സാമൂഹിക നീതി ഉറപ്പാക്കുന്നതിൽ കേരളം നടത്തിയ മുന്നേറ്റങ്ങൾ ലോകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. തെയ്യവും കഥകളിയും കളരിപ്പയറ്റും മോഹിനിയാട്ടവും ഉൾപ്പെടെയുള്ള തനതായ കലാരൂപങ്ങളും പച്ചപ്പും കായലുകളും മലനിരകളും നിറഞ്ഞ പ്രകൃതിസൗന്ദര്യവും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെയാണ് കേരളത്തിലേക്ക് ആകർഷിക്കുന്നത്.

ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം ഇന്ന് ആഗോളതലത്തിൽ തന്നെ നമ്മുടെ അടയാളമായി മാറിയിരിക്കുന്നു. 70-ാം പിറന്നാളിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെയും വിവിധ സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

സ്കൂളുകളിലും കോളേജുകളിലും വിവിധ വകുപ്പുകളുടെ കീഴിലും മലയാള ഭാഷാ വാരാഘോഷങ്ങളുടെ ഭാഗമായി ഉപന്യാസ മത്സരങ്ങളും കവിതാലാപനങ്ങളും സാംസ്കാരിക സമ്മേളനങ്ങളും നടക്കുന്നുണ്ട്. നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ പ്രത്യേക പുസ്തക പ്രദർശനവും മലയാള സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാര പ്രഖ്യാപനവും ഇന്നത്തെ ദിവസത്തിന്റെ പ്രധാന്യം വർദ്ധിപ്പിക്കുന്നു.

ചരിത്രപരമായ പ്രതിസന്ധികളെയും പ്രകൃതിദുരന്തങ്ങളെയും അതിജീവിച്ചാണ് കേരളം ഇന്നത്തെ നിലയിലേക്ക് വളർന്നത്. വിദ്വേഷത്തിന്റെയും ഭിന്നിപ്പുകളുടെയും കാലഘട്ടത്തിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ് ഈ കേരളപ്പിറവി ദിനം നൽകുന്നത്.

മാതൃഭാഷയായ മലയാളത്തെ നെഞ്ചോടു ചേർക്കാനും നമ്മുടെ നാടിന്റെ സംസ്കാരവും പൈതൃകവും അടുത്ത തലമുറയ്ക്കായി സംരക്ഷിക്കാനും ഏവരും പ്രതിജ്ഞബദ്ധരാകേണ്ട ദിനം കൂടിയാണിത്. പ്രതിസന്ധികളെ അതിജീവിച്ച് നവകേരള നിർമ്മിതിക്കായി ഒറ്റക്കെട്ടായി മുന്നേറാം എന്ന ദൃഢഗാത്രത്തോടെ എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ നേരുന്നു.