
കൊച്ചി: പനങ്ങാട്, നെട്ടൂർ മേഖലകളിലെ ക്ഷേത്രങ്ങളും പള്ളികളും കേന്ദ്രീകരിച്ച് കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് മോഷണം നടത്തിയ മൂന്നംഗ സംഘത്തെ പനങ്ങാട് പൊലീസ് പിടികൂടി. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്തെ ആരാധനാലയങ്ങളിൽ നടന്ന തുടർച്ചയായ മോഷണങ്ങളുമായി ബന്ധപ്പെട്ടാണ് പൊലീസ് നടപടി.
പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി സൈനുദ്ദീൻ അജ്മൽ (18), ഇടക്കൊച്ചി സ്വദേശി മുഹമ്മദ് ആർസം (18), പള്ളുരുത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ സ്വദേശിയായ 17-കാരൻ എന്നിവരാണ് പിടിയിലായത്.മാടവന സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്നാണ് സംഘം മോഷണ പരമ്പര ആരംഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങളിലെത്തിയാണ് ഇവർ കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്.
നെട്ടൂർ തണ്ടശ്ശേരി കോളനിയിലെ ശ്രീദേവി – സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭണ്ഡാരവും സംഘം സമാനരീതിയിൽ കുത്തിത്തുറന്ന് പണം കവർന്നിരുന്നു.പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും രാത്രികാല പട്രോളിംഗും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.