Banner Ads

വിടചൊല്ലി പൂരനഗരി; ഇനി ഒരു ആണ്ടുവട്ടം കാത്തിരിപ്പ്, ഉപചാരം ചൊല്ലിപ്പിരിഞ്ഞ് ഭഗവതിമാർ

തൃശൂർ : ആചാരപ്പെരുമയും ആവേശവും വാനോളമുയർന്ന 230-ാമത് തൃശൂർ പൂരത്തിന് പൗഢമായ പരിസമാപ്തി. പകൽപൂരത്തിന്റെ മേളപ്പെരുക്കം പൂർത്തിയാക്കി തിരുവമ്പാടി – പാറമേക്കാവ് ഭഗവതിമാർ വടക്കുന്നാഥന്റെ പടിഞ്ഞാറേ നടയിലെത്തി ഉപചാരം ചൊല്ലിപ്പിരിഞ്ഞു.

അടുത്ത വർഷം ഏപ്രിൽ 17ന് വീണ്ടും കാണാമെന്ന ഉറപ്പോടെയാണ് ദേശക്കാർ മടങ്ങുന്നത്. രാവിലെ ഏഴരയോടെ മണികണ്ഠനാലിൽ നിന്ന് 15 ആനകളുടെ അകമ്പടിയോടെ പാറമേക്കാവിലമ്മ എഴുന്നള്ളി. എറണാകുളം ശിവകുമാർ തിടമ്പേറ്റിയപ്പോൾ കിഴക്കൂട്ട് അനിയൻ മാരാരുടെ മേളപ്രമാണത്തിൽ ശ്രീമൂലസ്ഥാനം പൂരലഹരിയിലായി.

നായ്ക്കനാലിൽ നിന്ന് തിരുവമ്പാടി ചന്ദ്രശേഖരന്റെ തിടമ്പിലേറി തിരുവമ്പാടി ഭഗവതിയും ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നള്ളി. ചെറുശ്ശേരി കുട്ടൻ മാരാരുടെ നേതൃത്വത്തിലുള്ള മേളം പൂരപ്രേമികളെ ആവേശത്തിലാഴ്ത്തി. രണ്ടു മണിക്കൂർ നീണ്ട കൊട്ടിക്കലാശത്തിന് ശേഷം ആദ്യം പാറമേക്കാവ് ഭഗവതി മേളം കലാശിച്ച് പടിഞ്ഞാറേ നടയിലെത്തി.

തുടർന്ന് മേളം പൂർത്തിയാക്കി എത്തിയ തിരുവമ്പാടി ഭഗവതി വടക്കുന്നാഥനെ വണങ്ങാനായി ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചു. പാറമേക്കാവ് ഭഗവതി നടുവിലാൽ ഗണപതിയെ വണങ്ങാനായി താഴേക്ക് ഇറങ്ങി. ഇരുഭഗവതിമാരും തിരിച്ചെത്തി പന്ത്രണ്ടരയോടെ ഉപചാരം ചൊല്ലി പിരിഞ്ഞു