
കാസർകോട് : കായിക മന്ത്രിക്കെതിരെ കാസർകോട്ട് നടന്ന പ്രതിഷേധത്തിനും ആക്രമണത്തിനും പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്ന് സന്ദീപ് വാര്യർ എംഎൽഎ. കായിക വകുപ്പുമായി ബന്ധപ്പെട്ട സിപിഎം നേതാവിന്റെ അഴിമതി മറച്ചുവെക്കാനാണ് ശ്രമം. നടക്കാവ് സ്റ്റേഡിയം നിർമാണത്തിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും അത് മറച്ചുവെക്കാൻ ബോധപൂർവം ഉണ്ടാക്കിയ ആക്രമണമാണിതെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ജനപ്രതിനിധികൾക്കും മന്ത്രിക്കും മതിയായ സുരക്ഷയൊരുക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ട്. ഇത് പരിശോധിക്കണമെന്ന് സന്ദീപ് വാര്യർ ആവശ്യപ്പെട്ടു. തൃക്കരിപ്പൂരിൽ കുട്ടികൾ ഉൾപ്പെടെ പങ്കെടുത്ത പൊതുപരിപാടിക്കിടെയാണ് ആക്രമണം ഉണ്ടായത്. മന്ത്രിയുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ജനപ്രതിനിധികളുടെയും സഹപ്രവർത്തകരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃക്കരിപ്പൂരിൽ പരിപാടിക്കെത്തിയ മന്ത്രിക്കെതിരെ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ കഴിഞ്ഞ ദിവസമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഏറെ പണിപ്പെട്ടാണ് പൊലീസ് മന്ത്രിക്ക് വഴിയൊരുക്കി മാറ്റിയത്.