
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ പ്രശംസിച്ച് സമസ്ത ഇ.കെ വിഭാഗം മുഖപത്രമായ ‘സുപ്രഭാതം’. പത്രത്തിലെ ‘വ്യക്തിവിചാരം’ പംക്തിയിലാണ് മുഖ്യമന്ത്രിയുടെ ഭരണനേട്ടങ്ങളെയും പ്രസംഗപാടവത്തെയും വാഴ്ത്തിക്കൊണ്ടുള്ള ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാരിടൈം ബോർഡ് ഭേദഗതി ബില്ലിന്റെ പശ്ചാത്തലത്തിലാണ് ഈ അനുകൂല പരാമർശങ്ങൾ. മുൻകാലങ്ങളിൽ സമാന പംക്തിയിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചിരുന്നിടത്താണ് നിലവിൽ പ്രശംസയുമായി മുഖപത്രം രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
മുഖ്യമന്ത്രിയെ വാക്കിലും വാദത്തിലും ആർക്കും തോൽപ്പിക്കാനാകില്ലെന്നും, ആത്മവിശ്വാസവും ആത്മബലവും ഒന്നിച്ചുചേർന്ന അദ്ദേഹത്തെ വിസ്മയത്തോടെയാണ് കേരളം കേൾക്കുന്നതെന്നും ലേഖനം വ്യക്തമാക്കുന്നു. മാരിടൈം ബോർഡ് ഭേദഗതി ബിൽ അവതരിപ്പിച്ചുകൊണ്ട് കേരളത്തിന്റെ സമഗ്ര വികസനത്തിനായി മുഖ്യമന്ത്രി മുന്നോട്ടുവെക്കുന്ന സ്വപ്നങ്ങളെ ലേഖനം എടുത്തുപറയുന്നു.600 കിലോമീറ്റർ നീണ്ട കടൽതീരം, അന്താരാഷ്ട്ര തുറമുഖങ്ങൾ, ഉൾനാടൻ ജലഗതാഗതം എന്നിവയെ ബന്ധിപ്പിച്ച് സിംഗപ്പൂരിനെയും സിയാറ്റിലിനെയും പോലെ മലയാളക്കരയെ ഒരു തുറമുഖ നഗരമാക്കി മാറ്റാനാണ് ‘മിഷൻ സമുദ്ര’യിലൂടെ ലക്ഷ്യമിടുന്നത്.
കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് ജലയാനങ്ങളിൽ സഞ്ചരിക്കാനും, ദുബൈയിലേക്കും മാലിയിലേക്കും ഇവിടെനിന്ന് കപ്പൽ മാർഗ്ഗം യാത്ര ചെയ്യാനും കുറഞ്ഞ ചെലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റി അയക്കാനും സാധിക്കുന്ന പുതിയ ജലപാതകൾ യാഥാർത്ഥ്യമാകുമെന്നും ലേഖനം വിലയിരുത്തുന്നു.