
തിരുവനന്തപുരം: ശബരിമലയിൽ നടന്ന നെയ്യ് ക്രമക്കേടിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി. സംഭവത്തിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്ന സംശയത്തെ തുടർന്നാണ് മന്ത്രിയുടെ നടപടി.നിലവിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം വിജിലൻസിന്റെ പ്രത്യേക സംഘം കേസ അന്വേഷിച്ചുവരികയാണ്.
ഇതിനുപുറമെ, ദേവസ്വം വിജിലൻസ് എസ്പിയും ദേവസ്വം സെക്രട്ടറിയും നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനിക്ക് കരാർ ലഭിച്ചതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് നിഗമനം.നിലവിലെ വിജിലൻസ് അന്വേഷണത്തിന്റെ പരിധിയിൽ വരാത്ത കാര്യങ്ങൾ കൂടി പ്രത്യേക അന്വേഷണ സംഘത്തെ (SIT) കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ദേവസ്വം മന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.