തെന്മല:പാതയിലെ മഞ്ഞത്തേരി, വിളക്കുമരം ചപ്പാത്തുകളിൽ ശക്തമായ നീരൊഴുക്ക് തുടർന്നതോടെ ഗതാഗതം പൂർണമായും നിലച്ചു. വെള്ളിയാഴ്ച രാവിലെ 7.40-ന് റോസ്മലയിൽനിന്ന് ആര്യങ്കാവിലേക്കുവന്ന കെ.എസ്.ആർ.ടി.സി.ബസ് മഞ്ഞത്തേരി ചപ്പാത്ത് കടക്കാനാകാതെ അഞ്ചുമണിക്കൂർ വനത്തിൽ കുടുങ്ങികിടക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രിമുതൽ പെയ്ത മഴ വെള്ളിയാഴ്ച രാവിലെ ശക്തിയാർജിച്ചതോടെ ആര്യങ്കാവിൽനിന്ന് റോസ്മലയിലേക്കുള്ള പത്തുകിലോമീറ്റർ വനപാതയിൽ പലയിടത്തും മലവെള്ളപ്പാച്ചിലുണ്ടായി.ചപ്പാത്ത് കുറുകേ കടക്കാനാകാതെ, പാതയുടെ ഇരുഭാഗങ്ങളിലുമായി ഒട്ടേറെ വാഹനങ്ങൾ നിർത്തിയിട്ടു.
ബസിൽ റോസ്മലയിൽനിന്നുള്ള 15 വിദ്യാർഥികളുൾപ്പെടെ 27 പേരുണ്ടായിരുന്നു. പിന്നീട് ഉച്ചയ്ക്ക് വെള്ളമൊഴുക്ക് കുറഞ്ഞതോടെ വലിയ വാഹനങ്ങൾക്ക് പോകാനായി. സ്ഥിരമായി പോകുന്ന പാതയായതിനാൽ ആശങ്കയില്ലായിരുന്നെന്ന് കെ.എസ്.ആർ.ടി.സി. ജീവനക്കാരായ മുരുകയ്യായും സജിമോനും പറയുന്നു.