Banner Ads

സ്വന്തം ജീവൻ പണയം വെച്ച് പെരിയാറിലേക്ക് ചാടി; പുഴയിൽ വീണ പെൺകുട്ടിയെ സാഹസികമായി രക്ഷിച്ച് ബസ് ഡ്രൈവർ

ആലുവ: പെരിയാറ്റിൽ ചാടിയ പതിനെട്ടുകാരിയെ സ്വന്തം ജീവൻ പോലും പണയം വെച്ച് സാഹസികമായി രക്ഷിച്ച് സ്വകാര്യ ബസ് ഡ്രൈവർ. കരുമാല്ലൂർ ചാലാക്ക പള്ളിയാമ്പൽ വീട്ടിൽ അജേഷ് (41) ആണ് ഈ മാതൃകാപരമായ രക്ഷാപ്രവർത്തനം നടത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.20ഓടെ മാഞ്ഞാലി പാലത്തിലായിരുന്നു സംഭവം.പൊയ്ക്കാട്ടുശ്ശേരി സ്വദേശിനിയായ പെൺകുട്ടി മാഞ്ഞാലി പാലത്തിൽ നിന്നും പെരിയാറിലേക്ക് ചാടുകയായിരുന്നു.

ഈ സമയത്ത് യാത്രക്കാരുമായി ആ വഴി വന്ന സ്വകാര്യ ബസ് ഡ്രൈവറായിരുന്നു അജേഷ്. പാലത്തിന് സമീപം ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് കണ്ട് ബസ് നിർത്തി വിവരം അന്വേഷിച്ച അജേഷ്, മറ്റൊന്നും ആലോചിക്കാതെ നേരെ പുഴയിലേക്ക് ചാടുകയായിരുന്നു.ശക്തമായ ഒഴുക്കുള്ള പുഴയിൽ മുങ്ങിത്താഴ്ന്ന പെൺകുട്ടിയുടെ മുടിയിൽ പിടിച്ച്, ഏകദേശം 100 മീറ്ററോളം ദൂരം നീന്തിയാണ് അജേഷ് പെൺകുട്ടിയെ കരയ്ക്കടുപ്പിച്ചത്.

തുടർന്ന് മാഞ്ഞാലി കോളനി കടവിലുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് പെൺകുട്ടിയെ ഉടൻ തന്നെ വാഹനത്തിൽ കയറ്റി ചാലക്കുടി മെഡിക്കൽ കോളജിൽ എത്തിച്ചു.രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയ ശേഷം അജേഷ് നനഞ്ഞ വസ്ത്രങ്ങളോടെ വീണ്ടും ബസെടുത്ത് തന്റെ സർവീസ് തുടർന്നു.നീറ്റ് (NEET) പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിലുള്ള കടുത്ത മനോവിഷമം മൂലമാണ് പെൺകുട്ടി പുഴയിൽ ചാടിയതെന്നാണ് ലഭിക്കുന്ന വിവരം.

നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.സമയബന്ധിതമായും ധീരമായും ഇടപെട്ട് ഒരു ജീവൻ രക്ഷിച്ച ബസ് ഡ്രൈവർ അജേഷിനെ തേടി നാട്ടുകാരുടെയും സോഷ്യൽ മീഡിയയുടെയും അഭിനന്ദനപ്രവാഹമാണ് ഇപ്പോൾ എത്തിക്കൊണ്ടിരിക്കുന്നത്.