
കോഴിക്കോട്: ആറ് മാസം മുൻപുണ്ടായ വാഹനാപകടത്തിൽ കൈവിരൽ നഷ്ടമായ 37-കാരന് കാലിലെ വിരൽ വച്ചുപിടിപ്പിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ. സങ്കീർണ്ണവും അപൂർവ്വവുമായ ശസ്ത്രക്രിയയിലൂടെയാണ് യുവാവിന് ജീവിതത്തിലേക്ക് മടങ്ങിവരാൻ വഴിതുറന്നത്.അപകടത്തെത്തുടർന്ന് യുവാവിന്റെ ഇടതുകൈയിലെ വിരൽ പൂർണ്ണമായും വേർപെട്ടുപോയിരുന്നു. പ്രധാന വിരൽ നഷ്ടമായതോടെ കൈയുടെ ചലനശേഷി തകരാറിലാവുകയും ദൈനംദിന ജീവിതം വലിയ പ്രതിസന്ധിയിലാവുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് നഷ്ടപ്പെട്ട വിരലിന് പകരം കാലിലെ വിരൽ മാറ്റിവെക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്.’സെക്കൻഡ് ടോ-ടു-തമ്പ് ട്രാൻസ്ഫർ’ എന്ന അത്യാധുനിക സർജറിയിലൂടെയാണ് വിരൽ വിജയകരമായി വച്ചുപിടിപ്പിച്ചത്. ഘട്ടംഘട്ടമായുള്ള പുനർനിർമ്മാണ ചികിത്സയാണ് ഇതിനായി നടത്തിയത്.ആദ്യം ‘ട്യൂബ്ഡ് ഗ്രോയിൻ ഫ്ലാപ്പ്’സാങ്കേതികവിദ്യയിലൂടെ കൈയിലെ മൃദുകോശങ്ങളെ പുതിയ വിരൽ സ്വീകരിക്കാൻ പാകപ്പെടുത്തിെടുത്തു.
കഴിഞ്ഞ മാസം 18-ന് മൈക്രോവാസ്കുലാർ സർജറിയിലൂടെ കാലിലെ രണ്ടാമത്തെ വിരൽ കൈയിലേക്ക് മാറ്റിസ്ഥാപിക്കുകയും, സൂക്ഷ്മമായ രക്തക്കുഴലുകൾ തമ്മിൽ വിജയകരമായി കൂട്ടിയോജിപ്പിക്കുകയും ചെയ്തു.നിലവിലെ അവസ്ഥ: ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിക്ക് നിലവിൽ റീഹാബിലിറ്റേഷൻ ചികിത്സയും ഫിസിയോതെറാപ്പിയും ആരംഭിച്ചിട്ടുണ്ട്. കൈയുടെ പ്രവർത്തനക്ഷമത പരമാവധി വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.