
തിരുവനന്തപുരം : നിപ പ്രതിരോധത്തിൽ ആരോഗ്യമന്ത്രിയും വകുപ്പും ജില്ലാ ഭരണകൂടവും തമ്മിൽ ഏകോപനമില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കും ഭരണാധികാരികൾക്കും ഇടയിൽ വലിയ രീതിയിലുള്ള ആശയക്കുഴപ്പമാണ് നിലനിൽക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു.
നിപ പോലുള്ള മഹാമാരികളെ കേരളം ഒറ്റക്കെട്ടായി നിന്നാണ് പ്രതിരോധിക്കേണ്ടത്. മുൻപ് പ്രതിപക്ഷം ഉന്നയിച്ചതുപോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യമന്ത്രിയും വകുപ്പും ജില്ലാ ഭരണകൂടവും മൂന്ന് വഴിക്ക് നീങ്ങുന്നത് പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയ പ്രതിസന്ധിയുണ്ടാക്കും.
നിപ ബാധ മേഖലയിൽ മന്ത്രി ക്യാമ്പ് ചെയ്തായിരുന്നു ഇടത് സർക്കാർ കാലത്തെ ഏകോപനം. എന്നാൽ ഇന്ന് അത്തരമൊരു ജാഗ്രത എവിടെയും കാണുന്നില്ല. ഈ വിഷയത്തിൽ മന്ത്രി നേരിട്ട് മുൻകൈ എടുക്കണം. നിപ കൺട്രോൾ റൂം എന്നത് ജനപ്രതിനിധികൾക്ക് പ്രവേശനമില്ലാത്ത ഇടമല്ല. അവരെയും ഉൾപ്പെടുത്തി വേണം മുന്നോട്ട് പോകാൻ.
നിപ പ്രതിരോധം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഹെൽത്ത് സർവീസ് ഡയറക്ടറെ മാറ്റാൻ നടപടിയുണ്ടായത് സർക്കാരിന്റെ ഗൗരവമില്ലായ്മയാണ് കാണിക്കുന്നത്. സാധാരണ നിലയിൽ സംഭവിക്കേണ്ട ഒന്നല്ല ഇത്. സിസ്റ്റത്തോട് നിസ്സഹകരിച്ചതു കൊണ്ടാണ് ഡയറക്ടറെ മാറ്റിയതെന്നാണ് മന്ത്രിയുടെ വിശദീകരണം.
എന്നാൽ കൃത്യമായ സിസ്റ്റം നടപ്പാക്കാൻ ശ്രമിച്ച വ്യക്തിയാണ് അവർ. ആത്മാർത്ഥമായി ജോലി ചെയ്യാൻ നോക്കിയ ഉദ്യോഗസ്ഥയെ മന്ത്രിയും വകുപ്പും കണക്കിലെടുത്തില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.