Banner Ads

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുകൾ: രണ്ട് കുറ്റപത്രങ്ങൾ ഉടൻ സമർപ്പിക്കും; നിയമോപദേശം തേടി എസ്ഐടി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുകളിൽ രണ്ട് കുറ്റപത്രങ്ങൾ കൂടി സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം. തിരുവനന്തപുരത്തും പത്തനംതിട്ടയിലുമായി രജിസ്റ്റർ ചെയ്ത കേസുകളിലാണ് കുറ്റപത്രം തയ്യാറാകുന്നത്. കുറ്റപത്രങ്ങൾ വേഗത്തിൽ സമർപ്പിക്കുന്നതിന്റെ ഭാഗമായി അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട്.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും നിർബന്ധിത ഗർഭഛിദ്രം നടത്തുകയും ചെയ്തു എന്ന പരാതിയിലാണ് ഒരു കുറ്റപത്രം സമർപ്പിക്കുന്നത്. പെൺകുട്ടിയെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്ന കേസിലാണ് രണ്ടാമത്തെ കുറ്റപത്രം തയ്യാറാകുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്ന് ബലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്.

ഇതിൽ ഒരു കേസിൽ മാത്രമാണ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയിലെ കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. വിരലടയാളം, ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനാഫലങ്ങൾ ലഭിക്കാൻ വൈകുന്നതാണ് കുറ്റപത്രം സമർപ്പിക്കുന്നത് നീളാൻ കാരണമായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നത്.

കൂടാതെ അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ നിയോഗിച്ച എസ്ഐടി ഉദ്യോഗസ്ഥരിൽ പലരെയും വിവിധ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയതും കേസിന്റെ തുടർനടപടികളെ സാരമായി ബാധിച്ചിട്ടുണ്ട്.