മുബൈ : താനെ ജില്ലയിലെ ബദലാപൂരിലെ ഒരു സ്കൂളിലെ ഒരു കരാർ ജീവനക്കാരനെ കിൻ്റർഗാർട്ടൻ വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചതിന് മൂന്ന് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അന്വേഷണം നടത്താനായി പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് ദേശീയ ബാലാവകാശ കമീഷൻ അറിയിച്ചു. കുറ്റകൃത്യം മറച്ചുവെക്കാൻ സ്കൂള്‍ അധികൃതർ ശ്രമിച്ചിട്ടുണ്ടെന്ന് കമീഷൻ അധ്യക്ഷൻ പ്രിയങ്ക് കനുങ്കോ പറഞ്ഞു. വ്യാപക അക്രമ സംഭവങ്ങളെ തുടർന്ന് ചൊവ്വാഴ്ച മേഖലയില്‍ ഇന്‍റർനെറ്റ് സംവിധാനം റദ്ദാക്കിയിരുന്നു. ഇന്ന് അത് പുനഃസ്ഥാപിച്ചിട്ടുണ്ട്.
മൂന്നും നാലും വയസ്സുള്ള പെണ്‍കുട്ടികളെയാണ് സ്കൂളിലെ തൂപ്പുകാരൻ പീഡിപ്പിച്ചത് എന്നാണ് കേസ്. ആഗസ്റ്റ് 13നാണ് രണ്ട് പെണ്‍കുട്ടികള്‍ സ്കൂളിലെ ശുചിമുറിയില്‍ അക്രമത്തിന് ഇരയായത്. ഇതില്‍ ഒരു പെണ്‍കുട്ടി 16-ാംതീയതി മാതാപിതാക്കളോട് തുറന്ന് പറഞ്ഞതോടെയാണ് സംഭവം പുറത്തുവന്നത്. പിന്നാലെ ഇവർ നല്‍കിയ കേസിന്റെ അടിസ്ഥാനത്തിൽ പ്രതി അക്ഷയ് ഷിൻഡെ 17ന് അറസ്റ്റിലാവുകയും ചെയ്തു. സംഭവത്തില്‍ വ്യാപക പ്രതിഷേധമുയരുകയും ആളുകള്‍ കൂട്ടമായി സ്കൂള്‍ അടിച്ചുതകർക്കുകയും ചെയ്തു.
സ്കൂള്‍ മാനേജ്മെന്‍റ് പ്രിൻസിപ്പൽ, ക്ലാസ് ടീച്ചർ, ഫീമെയില്‍ അറ്റൻഡർ എന്നിവരെ സസ്പെൻഡ് ചെയ്തു. പ്രതിയായ അക്ഷയ് ഷിൻഡെ കരാർ അടിസ്ഥാനത്തിലാണ് ആഗസ്റ്റ് ഒന്നിന് ജോലിയില്‍ പ്രവേശിച്ചത്. കേസെടുക്കാൻ വൈകിയെന്ന ആരോപണം ഉണ്ടായതിനാൽ അതിന് പിന്നാലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ മഹാരാഷ്ട്ര സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. കേസന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.