
കൊല്ലം: ഓച്ചിറയിലെ ബാറിൽ യുവാക്കളുടെ സംഘം വൻ അതിക്രമം നടത്തി. ബാർ അടിച്ചുതകർത്ത അക്രമിസംഘം മദ്യക്കുപ്പികൾ പരസ്യമായി എറിഞ്ഞുപൊട്ടിക്കുകയും ചെയ്തു. തലേദിവസം മദ്യം നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് തൊട്ടടുത്ത ദിവസം വലിയ അക്രമത്തിൽ കലാശിച്ചത്. മലപ്പുറം രജിസ്ട്രേഷനിലുള്ള കാറിലെത്തിയ സംഘമാണ് ഈ പരാക്രമം നടത്തിയത്.ഓച്ചിറയിലെ റീജൻസി ബാറിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഞായറാഴ്ച രാത്രി ബാർ അടയ്ക്കുന്ന സമയത്ത് എത്തിയ സംഘം മദ്യം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സമയം കഴിഞ്ഞതിനാൽ മദ്യം നൽകാൻ കഴിയില്ലെന്ന് ജീവനക്കാർ അറിയിച്ചതോടെ തർക്കമുണ്ടായി. തുടർന്ന് പൊലീസെത്തിയാണ് ഇവരെ അന്ന് തിരികെ അയച്ചത്.
ഇതിന്റെ പ്രതികാരമെന്നോണം പിറ്റേദിവസം വൈകിട്ടോടെ വീണ്ടും ബാറിലെത്തിയ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ബാർ അടിച്ചുതകർക്കുകയുമായിരുന്നു.
അക്രമം നടത്തിയ ശേഷം കാറിൽ രക്ഷപ്പെട്ട പ്രതികൾക്കായി ഓച്ചിറ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.