Banner Ads

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കടുക്കും; കരയിലും കടലിലും ന്യൂനമർദ്ദം, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കരയിലും കടലിലും ഒരുപോലെ ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. ഇതിനുപുറമെ, മധ്യപ്രദേശിന് മുകളിലും മറ്റൊരു ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്.ഇതിന്റെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും പ്രത്യേകിച്ച് മലയോര മേഖലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും മറ്റന്നാളും മഴ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കും.

നാളെ (ഓഗസ്റ്റ് 13) കണ്ണൂർ, കാസർകോട് ജില്ലകളിലും ഓഗസ്റ്റ് 14-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മി.മീ മുതൽ 115.5 മി.മീ വരെ ലഭിക്കാവുന്ന ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളുടെ തീരങ്ങളിൽ നാളെ (13/08/2026) പുലർച്ചെ 02.30 വരെ 1.0 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം. അപകട മേഖലകളിൽ ഉള്ളവർ അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. തിരമാലകൾ ശക്തമാകുന്ന സമയത്ത് ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമാണ്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം പൂർണ്ണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്.