Banner Ads

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും; ദീർഘകാല കരാറുകളിലെ ലഭ്യതക്കുറവെന്ന് കെഎസ്ഇബി

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ പെയ്ത് വൈദ്യുതി ഉപയോഗം കുത്തനെ കുറഞ്ഞിട്ടും ലോഡ്ഷെഡിംഗിന് സമാനമായ കറന്റ് കട്ട് തുടരുന്നു. ദീർഘകാല കരാറുകൾ വഴി സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയിൽ വൻ കുറവുണ്ടായതാണ് ഇന്നലത്തെ പ്രതിസന്ധിക്ക് കാരണമായത്. വൈദ്യുതി ലഭ്യത സാധാരണ നിലയിലായില്ലെങ്കിൽ ഇന്നും നിയന്ത്രണം തുടരാനാണ് സാധ്യത. പ്രതിസന്ധി ഒറ്റയടിക്ക് അവസാനിക്കില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.

ഇന്നലെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 91.62 ദശലക്ഷം യൂണിറ്റായി കുറഞ്ഞിരുന്നു. എന്നാൽ ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് അടുത്തായിരുന്ന ദിവസങ്ങളിലെപ്പോലെ രാത്രിയിൽ രണ്ടു തവണ വിവിധയിടങ്ങളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. വിവിധ നിലയങ്ങളിലെ സാങ്കേതിക തകരാറുകൾ മൂലം കരാറുള്ള മൂന്ന് സ്വകാര്യ കമ്പനികളിൽ നിന്ന് വൈദ്യുതി ലഭിച്ചില്ല.

ഇതുമൂലം 413 മെഗാവാട്ടിന്റെ കുറവാണ് കെഎസ്ഇബിക്ക് ഉണ്ടായത്. നാളെയോടെ മാത്രമേ ഈ തകരാറുകൾ പരിഹരിക്കാൻ സാധിക്കൂ എന്നാണ് വിവരം. ദീർഘകാല കരാറുകൾക്ക് പുറമെ ഹ്രസ്വകാല ഇടപാടുകൾ വഴിയുള്ള വൈദ്യുതി ലഭ്യതയും ഇടിഞ്ഞു. കേന്ദ്ര പൂളിൽ നിന്ന് മുൻ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതൽ വൈദ്യുതി ലഭിക്കുകയും ഒഡീഷയിൽ നിന്ന് 75 മെഗാവാട്ട് അധികമായി തരപ്പെടുത്തുകയും ചെയ്തിട്ടും പ്രതിസന്ധി പരിഹരിക്കാനായില്ല.

സെപ്റ്റംബർ മാസത്തിൽ പീക്ക് സമയങ്ങളിൽ കടുത്ത വൈദ്യുതി ക്ഷാമമുണ്ടാകുമെന്ന് ജൂണിൽ തന്നെ വ്യക്തമായിരുന്നിട്ടും മുൻകൂട്ടി വൈദ്യുതി വാങ്ങാൻ നടപടിയെടുത്തില്ലെന്ന ആക്ഷേപത്തിൽ സർക്കാരും കെഎസ്ഇബിയും പ്രതിരോധത്തിലാണ്. തുടർന്ന് അടിയന്തരമായി വൈദ്യുതി വാങ്ങുന്നതിനായി ബോർഡ് ഡയറക്ടർമാർ സംസ്ഥാനത്തിന് പുറത്തേക്ക് പോയിട്ടുണ്ട്.