
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്നലെ രാത്രി അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. കൊടും ചൂടിനെ തുടർന്ന് വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നതും ആവശ്യത്തിന് വൈദ്യുതി ലഭ്യമല്ലാത്തതുമാണ് പെട്ടെന്നുള്ള പ്രതിസന്ധിക്ക് കാരണം. വരും ദിവസങ്ങളിലും സമാന സ്ഥിതി തുടരാനാണ് സാധ്യത.മഴ മാറിനിൽക്കുന്നതിനാൽ ചൂട് വർധിക്കുകയും കണക്കുകൂട്ടലുകൾ തെറ്റിച്ച് വൈദ്യുതി ഉപയോഗം ഉയരുകയും ചെയ്തു.
ഇന്നലെ വൈകീട്ട് 7:15-ന് രേഖപ്പെടുത്തിയ 4,999 മെഗാവാട്ടാണ് ഏറ്റവും ഉയർന്ന ആവശ്യകത (Peak Demand). മൊത്തം ഉപയോഗം 93.74 ദശലക്ഷം യൂണിറ്റിലെത്തി.ഉത്തരേന്ത്യയിൽ മഴ മൂലം കൽക്കരി ക്ഷാമം നേരിട്ടതോടെ ഉൽപ്പാദനം തടസ്സപ്പെട്ടു. ഇതേ തുടർന്ന് കേരളത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതത്തിൽ വലിയ കുറവുണ്ടായി. കഴിഞ്ഞ മാസം ഇതേ ദിവസം 42 ദശലക്ഷം യൂണിറ്റ് ലഭിച്ച സ്ഥാനത്ത് ഇന്നലെ 37 ദശലക്ഷം യൂണിറ്റ് മാത്രമാണ് ലഭിച്ചത്.ആകെ ആവശ്യമായതിൽ 24 ദശലക്ഷം യൂണിറ്റ് മാത്രമാണ് ആഭ്യന്തര ജലവൈദ്യുതിയായി ഉൽപ്പാദിപ്പിച്ചത്.
ബാക്കി 67 ദശലക്ഷം യൂണിറ്റും പുറത്തുനിന്നാണ് കണ്ടെത്തിയത്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം ഉയർന്ന ആവശ്യകതയായതിനാൽ പവർ എക്സ്ചേഞ്ചുകളിലും വൈദ്യുതി ലഭ്യമല്ല ഉള്ളതിന് അമിത വിലയുമാണ്.പീക്ക് സമയത്തേക്ക് ആവശ്യമായ ഹ്രസ്വകാല കരാറുകളോ പുതിയ ദീർഘകാല കരാറുകളോ കെ.എസ്.ഇ.ബിക്ക് നിലവിലില്ല. മധ്യപ്രദേശിൽ നിന്ന് മുൻ ദിവസങ്ങളിൽ കടമായി ലഭിച്ചിരുന്ന വൈദ്യുതി ഇന്നലെ ലഭ്യമായില്ല. പീക്ക് സമയത്തെ ടെൻഡറുകളോട് നിർമ്മാതാക്കൾ സഹകരിച്ചതുമില്ല.
ഭരണമാറ്റം ഉൾപ്പെടെയുള്ള കാരണങ്ങളാൽ സമയബന്ധിതമായ ആസൂത്രണം നടക്കാതിരുന്നതും തിരിച്ചടിയായി.രാത്രികാലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് ഉൾപ്പെടെയുള്ള അനിയന്ത്രിതമായ ഉപയോഗവും പ്രതിസന്ധി രൂക്ഷമാക്കിയതായി കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടുന്നു.