Banner Ads

പൊലീസിനെ ഉപയോഗിച്ച് പോസ്റ്റുകൾ നീക്കുന്നു; അഭിപ്രായ സ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറ്റമെന്ന് എം വി ഗോവിന്ദൻ

തൃശ്ശൂർ : സംസ്ഥാനത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേൽ കടുത്ത കടന്നുകയറ്റമാണ് നടക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഉയരുന്ന വിമർശനങ്ങൾ പൊലീസിന്റെ സഹായത്തോടെ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യുകയാണെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു.

കേട്ടു കേൾവിയില്ലാത്ത കാര്യമാണിതെന്നും കഴിഞ്ഞ 10 കൊല്ലം പിണറായിക്കെതിരായ കടന്നാക്രമണത്തിന് നേതൃത്വം കൊടുത്തവരാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ മുതലാളിമാരെ ഉപയോഗിച്ച് ഭരണം നടത്തുമെന്നാണ് മുഖ്യമന്ത്രി ധാർഷ്ട്യത്തോടെ പറയുന്നത്. വൈദ്യുതി മന്ത്രി ഉൾപ്പെടെ നാല് മന്ത്രിമാർ വിദേശയാത്രയ്‌ക്കൊരുങ്ങുകയാണ്.

സ്പോൺസർമാരുടെ സഹായത്തോടെയുള്ള ഇത്തരം യാത്രകൾ വലിയ അപകടമുണ്ടാക്കും. ഞങ്ങളിങ്ങനെ പുറപ്പെട്ടിരിക്കുന്നു ഇനി ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ അഴിമതി കാണിക്കാം എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്രത്തിൽ നരേന്ദ്ര മോദി മാധ്യമങ്ങൾക്കെതിരെ നടത്തുന്ന കാടത്തമാണ് ഇവിടെ വിഡി സതീശനും ചെയ്യുന്നതെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.

പിണറായി വിജയനെതിരെ തെളിവിന്റെ ഒരു അംശം പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിഎംആർഎൽ കർത്തയുടെ മാസപ്പടി ഡയറിയിൽ പേര് വന്ന വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. താൻ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ വിശദീകരിച്ചു.