Banner Ads

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; പ്രതിസന്ധി രൂക്ഷമാക്കി കേന്ദ്ര വിഹിതത്തിന്റെ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി (KSEB) അറിയിച്ചു. വൈകീട്ട് 6:15 നും രാത്രി 12:45 നും ഇടയിലുള്ള സമയത്തായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക. ആവശ്യമായത്ര അധിക വൈദ്യുതി പുറത്തുനിന്ന് എത്തിക്കാനുള്ള ശ്രമങ്ങൾ പൂർണ്ണമായി ഫലപ്രദമാകാത്തതിനെ തുടർന്നാണ് പ്രതിസന്ധി രൂക്ഷമായത്.നിലവിൽ 900 മെഗാവാട്ടിന്റെ കുറവാണ് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്.

മധ്യപ്രദേശിൽ നിന്ന് കടമായി ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്നും ലഭ്യമാകില്ലെന്ന് ഉറപ്പായതാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്. വർദ്ധിച്ചുവരുന്ന ഉപയോഗം കണക്കിലെടുത്ത് വരും മാസങ്ങളിലേക്കും വരാനിരിക്കുന്ന വേനൽക്കാലത്തേക്കും കൂടുതൽ വൈദ്യുതി വാങ്ങാനുള്ള നടപടികൾ സർക്കാർ ഊർജ്ജിതമാക്കിയിട്ടുണ്ട്.ഉപയോഗം സർവ്വകാല റെക്കോർഡിൽ വൈദ്യുതി പ്രതിസന്ധി നിലനിൽക്കുമ്പോഴും സംസ്ഥാനത്തെ പ്രതിദിന ഉപയോഗം കുതിച്ചുയരുകയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന ഉപയോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്.ആകെ ഉപയോഗം 99.93 ദശലക്ഷം യൂണിറ്റ്.

പീക്ക് ടൈം ആവശ്യകത രാത്രി 10:15-ഓടെ 5,305 മെഗാവാട്ട്.
ഇന്നലെ നിയന്ത്രണം ഒഴിവായത് ആശ്വാസമായിഅയൽസംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ മഴ പെയ്തതിനാലും വിശ്വകർമ്മ ജയന്തി അവധിയായതിനാലും അവിടെ വൈദ്യുതി ഉപയോഗം കുറവായിരുന്നു. ഇതോടെ ഗ്രിഡിൽ നിന്ന് 800 മെഗാവാട്ട് വരെ അധികം വൈദ്യുതി എടുക്കാൻ കെ.എസ്.ഇ.ബിക്ക് അനുമതി ലഭിച്ചു. തത്സമയ വിപണിയിൽ (Real-time market) നിന്ന് 8.83 ദശലക്ഷം യൂണിറ്റ് ഉൾപ്പെടെ പുറത്തുനിന്ന് ആകെ 74.33 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങിയതിനാലാണ് ഇന്നലെ പീക്ക് സമയത്തെ കറന്റ് കട്ട് ഒഴിവാക്കാൻ സാധിച്ചത്.

പുറത്തുനിന്ന് കൂടുതൽ വൈദ്യുതി ലഭിച്ചതോടെ സംസ്ഥാനത്തെ ജലവൈദ്യുത ഉത്പാദനം 23.27 ദശലക്ഷം യൂണിറ്റായി കുറച്ചു. കേന്ദ്രത്തിന്റെ അധിക വിഹിതമായ 150 മെഗാവാട്ടിന് പുറമെ കൂടുതൽ വൈദ്യുതി അടിയന്തരമായി വാങ്ങാനുള്ള ചർച്ചകൾ കെ.എസ്.ഇ.ബി തുടരുകയാണ്.