
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം 7 മണിക്ക് ശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്ന് കെഎസ്ഇബി (KSEB) അറിയിച്ചു.എൽനിനോ പ്രതിഭാസം മൂലമുണ്ടായ മഴക്കുറവും കടുത്ത അന്തരീക്ഷ താപനിലയും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് വൻതോതിൽ വർദ്ധിച്ചിരിക്കുകയാണ്.രാജ്യവ്യാപകമായി വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ച് വഴി കെഎസ്ഇബിക്ക് ലഭിക്കുന്ന വൈദ്യുതിയുടെ അളവിൽ വലിയ കുറവ് നേരിടുന്നുണ്ട്.
മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ, ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 300 മുതൽ 400 മെഗാവാട്ട് വരെ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ മാത്രമേ ഇന്ന് രാത്രി ഭാഗികമായ നിയന്ത്രണങ്ങളിലേക്ക് കടക്കുകയുള്ളൂ. ഉപഭോക്താക്കൾ പരമാവധി വൈദ്യുതി വിവേകത്തോടെ ഉപയോഗിച്ച് സഹകരിക്കണം